കർഷക പ്രക്ഷോഭത്തെ 
അധിക്ഷേപിച്ച്‌ കങ്കണ ; പ്രസ്താവനകളെ തള്ളി ബിജെപി



ന്യൂഡൽഹി രാജ്യം സാക്ഷ്യംവഹിച്ച ഐതിഹാസിക കർഷക പ്രക്ഷോഭത്തെ ആവർത്തിച്ച്‌ അധിക്ഷേപിച്ച്‌ നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്‌. ബംഗ്ലാദേശിന്‌ സമാനമായ അരാജകത്വം സൃഷ്‌ടിക്കാൻ കർഷകർ ശ്രമിച്ചെന്നും സമരത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗവും അരങ്ങേറിയെന്നും അവർ ആരോപിച്ചു. ഹിന്ദി മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിലാണ്‌ അധിക്ഷേപ പരാമർശം. പ്രക്ഷോഭത്തിൽ വിദേശശക്തികൾക്ക്‌ പങ്കുണ്ട്‌. കർഷകർ തഴച്ചുവളർന്നു.  സമരത്തിന്റെ മറവിൽ വിദേശക്തികൾ രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചു. രാജ്യത്തുള്ളവരും അതിന്‌ സഹായിച്ചു. ബിജെപി നേതൃത്വത്തിന്റെ ദീർഘവീക്ഷണമാണ്‌ അട്ടിമറി ചെറുത്തത്‌. നായകളുടെ കൈയിലേക്ക്‌ രാജ്യം പോയാലും കർഷകർക്ക്‌ പ്രശ്‌നമായിരുന്നില്ല–- ഇങ്ങനെ പോയി ബിജെപി എംപിയുടെ  അധിക്ഷേപം.  മോദി സർക്കാർ കൊണ്ടുവന്ന മൂന്ന്‌ കാർഷിക കരിനിയമങ്ങൾ പിൻവലിക്കാൻ നിർബന്ധിതമാക്കിയ സമരത്തെ മുമ്പും കങ്കണ അധിക്ഷേപിച്ചിരുന്നു. 100 രൂപവാങ്ങി സമരത്തിന്‌ പോകുന്നവരാണ്‌ കർഷകസമരത്തിലുള്ളതെന്ന പരാമർശം വിവാദമായി. ഇതിൽ പ്രതിഷേധിച്ച്‌ ചണ്ഡിഗഡ്‌ വിമാനത്താവളത്തിൽവച്ച്‌ സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥ കങ്കണയുടെ കരണത്തടിച്ചിരുന്നു. ആവർത്തിച്ചുള്ള അധിക്ഷേപം വിവാദമായതോടെ കങ്കണയെ ബിജെപി തള്ളിപ്പറഞ്ഞു. കങ്കണയുടേത്‌ വ്യക്തിപരമായ അഭിപ്രായമാണെന്നും ബിജെപിയുടെ അഭിപ്രായമല്ലെന്നും ബിജെപിയുടെ കേന്ദ്ര മീഡിയാ വിഭാഗം  പ്രസ്‌താവനയിൽ പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ പ്രസ്‌താവന നടത്താൻ അവരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അറിയിച്ചു. കങ്കണയുടെ പ്രസ്‌താവന ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നടുവൊടിക്കുമെന്ന്‌ ഹരിയാന പ്രതിപക്ഷ നേതാവ്‌ ഭൂപിന്ദർ സിങ്‌ ഹൂഡ പറഞ്ഞു. കങ്കണയെത്തള്ളി ബിജെപി ന്യൂഡൽഹി> കർഷക സമരവുമായി ബന്ധപ്പെട്ട്‌ നടിയും എംപിയുമായ കങ്കണ റണാവത്ത്‌ നടത്തിയ  പ്രസ്താവനകളെ തള്ളി ബിജെപി. തിങ്കളാഴ്ച ബിജെപി സെൻട്രൽ മീഡിയ ഡിപ്പാർട്ട്‌മെന്റ്‌ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ്‌ കങ്കണയെ പാർടി തള്ളിയത്‌.  കർഷക സമരത്തെക്കുറിച്ച് കങ്കണ നടത്തിയ പരാമർശങ്ങൾ പാർടിയുടെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും പാർടിയുടെ നയപരമായ കാര്യങ്ങളിൽ സംസാരിക്കാൻ അവർക്ക് അധികാരമോ അനുവാദമോ ഇല്ലെന്നുമാണ്‌ ബിജെപി വ്യക്തമാക്കിയത്‌. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും കങ്കണയ്ക്ക് ബിജെപി താക്കീത്‌ നൽകി. ഇന്ത്യയിലെ കർഷക സമരത്തെയും ബംഗ്ലാദേശിലെ പ്രക്ഷോഭത്തെയും താരതമ്യം ചെയ്തായിരുന്നു കങ്കണയുടെ വിവാദ പരാമർശം. കേന്ദ്ര സർക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ ഇന്ത്യയിലെ കർഷക പ്രക്ഷോഭം ബംഗ്ലാദേശിൽ ഇപ്പോഴുണ്ടായകലാപം പോലെയാകുമായിരുന്നു എന്നായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. സുപ്രീംകോടതി കേസെടുക്കണം: 
കിസാൻസഭ ഐതിഹാസിക കർഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ടിന്റെ നടപടിയിൽ രൂക്ഷവിമർശവുമായി കർഷക സംഘടനകൾ. കങ്കണയ്‌ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസ്‌ എടുക്കണമെന്ന്‌ അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു. കങ്കണയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉടൻ കർഷകരോട്‌ മാപ്പ്‌ പറയണം. കൃഷിയെ വിഴുങ്ങുന്ന അദാനി, അംബാനി മുതലാളിമാരെ പ്രീതിപ്പെടുത്താൻ കങ്കണ ഏതറ്റം വരെയും പോകുമെന്നതിന്റെ ഉദാഹരണമാണ്‌ വെറുപ്പുളവാക്കുന്ന പരാമർശം–-കിസാൻസഭ ചൂണ്ടിക്കാട്ടി ബിജെപി എംപി നടത്തിയ സത്യവിരുദ്ധ പ്രസ്‌താവനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരോട്‌ മാപ്പ്‌ പറയണമെന്ന്‌ സംയുക്ത കിസാൻമോർച്ച ആവശ്യപ്പെട്ടു. കങ്കണ മാപ്പുപറഞ്ഞില്ലെങ്കിൽ ബഹിഷ്കരണം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്‌ നൽകി. Read on deshabhimani.com

Related News