6 സംസ്ഥാനത്ത്
പുതിയ ഗവർണർമാർ ; എല്ലാവരും ബിജെപി നേതാക്കൾ



ന്യൂഡൽഹി ആറ്‌ സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. മലയാളിയായ മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥൻ കെ കൈലാഷ്‌നാഥനാണ്‌ പുതുച്ചേരി ലെഫ്‌. ഗവർണർ. പുതിയ ഗവർണർമാരെല്ലാം മുതിർന്ന ബിജെപി നേതാക്കളാണ്‌. രാജസ്ഥാൻ ഗവർണറായി മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ്‌ ഹരിഭാവു കിസൻറാവു ബാഗ്ഡെയെ നിയമിച്ചു. കൽരാജ്‌ മിശ്രയ്‌ക്ക്‌ പകരമായാണ്‌ നിയമനം. ത്രിപുര മുൻ ഉപമുഖ്യമന്ത്രി ജിഷ്‌ണു ദേവ്‌ വർമയാണ്‌ തെലങ്കാന ഗവർണർ. രാജസ്ഥാനിൽ നിന്നുള്ള ബിജെപി നേതാവ്‌ ഓം പ്രകാശ്‌ മാഥൂറിനെ സിക്കിം ഗവർണറായി നിയമിച്ചു. മുൻ കേന്ദ്രമന്ത്രി സന്തോഷ്‌ കുമാർ ഗാങ്‌വറാണ്‌ ജാർഖണ്ഡ്‌ ഗവർണർ. അസമിൽനിന്നുള്ള ലോക്‌സഭാംഗമായിരുന്ന രമൻ ദേക്കയെ ഛത്തിസ്‌ഗഢ്‌ ഗവർണറായും കർണാടകയിൽനിന്നുള്ള മുൻ എംപി സി എച്ച്‌ വിജയശങ്കറെ മേഘാലയ ഗവർണറായും നിയമിച്ചു. ജാർഖണ്ഡ്‌ ഗവർണറായിരുന്ന സി പി രാധാകൃഷ്‌ണനെ മഹാരാഷ്ട്ര ഗവർണറായും അസം ഗവർണറായിരുന്ന ഗുലാബ്‌ ചന്ദ്‌ കടാരിയയെ പഞ്ചാബ്‌ ഗവർണറായും മാറ്റിനിയമിച്ചു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിന്റെ ലെഫ്‌. ഗവർണർ ചുമതലയും കടാരിയ വഹിക്കും. സിക്കിം ഗവർണറായിരുന്ന ലക്ഷ്‌മൺ പ്രസാദ്‌ ആചാര്യയെ അസം ഗവർണറായി മാറ്റി നിയമിച്ചു. മണിപ്പുരിന്റെ ഗവർണർ ചുമതലയും ആചാര്യ നിർവഹിക്കും. മോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ ചീഫ്‌ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു കെ കൈലാഷ്‌നാഥൻ. 2013ൽ സർവീസിൽനിന്ന്‌ വിരമിച്ചെങ്കിലും ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെ ചീഫ്‌ പ്രിൻസിപ്പൽ സെക്രട്ടറിയായി കഴിഞ്ഞ ജൂൺ വരെ തുടർന്നു. കോഴിക്കോട്‌ വടകര വില്ല്യാപ്പള്ളി സ്വദേശിയാണ്‌. Read on deshabhimani.com

Related News