കണ്ണടച്ചുതുറന്നപ്പോള്‍ 350 തിമിരബാധിതര്‍ ബിജെപിയിൽ !അംഗത്വം അടിച്ചേല്‍പ്പിച്ചത് ബിജെപി പ്രവര്‍ത്തകന്‍
രാജ്കോട്ട് ഗുജറാത്തിലെ കണ്ണാശുപത്രിയിൽ തിമിര ശസ്ത്രക്രിയക്ക് എത്തിയ 350 പേര്‍ കണ്ണടച്ചുതുറന്നപ്പോഴേക്കും ബിജെപി അംഗങ്ങളായി! രാജ്കോട്ടിലെ രൺജൂദ് ദാസ് ട്രസ്റ്റ് ആശുപത്രിയിലാണ് അന്തേവാസികളുടെ ഫോണ്‍ തരപ്പെടുത്തി ബിജെപി പ്രവര്‍ത്തകന്‍ അംഗത്വം അടിച്ചേല്‍പ്പിച്ചത്. രാത്രി ആശുപത്രി വാര്‍ഡിലെത്തിയ യുവാവ് മൊബൈൽ നമ്പറും ഒടിപിയും വാങ്ങുന്നതടക്കമുള്ള വീഡിയോ രോഗിയായ ജുനഗഡ് സ്വദേശി കമലേഷ് ടോമര്‍ പുറത്തുവിട്ടു. വീഡിയോ വൈറലായതോടെ ബിജെപി പ്രതിരോധത്തിലായി. "തിമിര ശസ്ത്രകിയക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് പോയത്. രാത്രി എട്ടോടെ ഉറങ്ങാൻ കിടന്നു. പതിനൊന്നോടെ ഒരാള്‍ വന്ന് എഴുന്നേൽപ്പിച്ചു. മൊബൈൽ നമ്പര്‍ ചോദിച്ചു. ആശുപത്രി ആവശ്യത്തിനാണെന്ന് കരുതി നൽകി. ഉടൻ ഫോൺ വാങ്ങി ഒടിപി തരപ്പെടുത്തി. ഫോൺ തിരികെ തന്നപ്പോഴേക്കും ഞാൻ ബിജെപി അംഗമായിക്കഴിഞ്ഞിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മറ്റുവഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. 350 ഓളം രോഗികളെയാണ് ഇങ്ങനെ നിര്‍ബന്ധിച്ച് ബിജെപി അംഗങ്ങളാക്കിയത്.' കമലേഷ് പറഞ്ഞു. വന്നയാള്‍ തങ്ങളുടെ ജീവനക്കാരനല്ലെന്നും അന്വേഷണം നടത്തുകയാണെന്നും ആശുപത്രി അധികൃതര്‍പറഞ്ഞു. Read on deshabhimani.com