മന്ത്രിയുടെ ചേംബറിലും ഔദ്യോഗിക കാറിലും പീഡിപ്പിച്ചു ; കര്‍ണാടക ബിജെപി എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണം
ബംഗളൂരു കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവും എംഎൽഎയുമായ എൻ മുനിരത്ന നായിഡു സെക്രട്ടേറിയറ്റ് സമുച്ചയത്തില്വച്ച് ബലാത്സംഗംചെയ്തതായി യുവതിയുടെ മൊഴി. സെപ്തംബര്‍ 19ന് മജിസ്ട്രേറ്റ് എൻ ചാന്ദിനിക്ക് മുമ്പാകെ യുവതി നല്കിയ മൊഴിയാണ് പുറത്തുവന്നത്. മുനിരത്ന മന്ത്രിയായിരിക്കെ 2021 ആഗസ്റ്റ് മുതൽ മെയ് 2023വരെ പലതവണ വികാസ സൗധയിൽ മന്ത്രിയുടെ ചേംബറിൽ വച്ചും കാറില്‍വച്ചും പീഡിപ്പിച്ചു. കോവിഡ് കാലത്താണ് മുനിരത്നയുമായി യുവതി പരിചയപ്പെടുന്നത്. 2020 ഏപ്രിലിൽ ഗോഡൗണിൽ വച്ച് പീഡിപ്പിച്ചതിന്റെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ചിലരെ "ഹണിട്രാപ്പിൽ' കുടുക്കാൻ നിര്‍ബന്ധിച്ചു. ബൃഹദ് ബംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കുവേണ്ടി "ഹണിട്രാപ്പ്' ചെയ്യാൻ മുനിരത്ന നിര്‍ബന്ധിച്ചു. എതിര് പാര്‍ടിയിലെ നേതാവിനെ "ഹണിട്രാപ്പിൽ' കുടുക്കി വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി. മുനിരത്നയുമായി ഭിന്നതയുള്ള ബിജെപി മുൻ കൗൺസിലറുടെ ഭര്‍ത്താവിനെയും സമാനമായി കുടുക്കി. മൊഴി പുറത്തായതോടെ ആരോപണ വിധേയായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ സേവനമനുഷ്ഠിച്ച 2020 –- 2022 കാലയളവിൽ ആര്‍ആര്‍ നഗറില്‍ നടത്തിയ പ്രവൃത്തികളെക്കുറിച്ച് അന്വേഷിക്കാൻ ബിബിഎംപി ഉത്തരവിട്ടു. കേസിൽ അറസ്റ്റിലായ മുനിരത്ന നിലവിൽ പ്രത്യേക അന്വേഷക സംഘത്തിന്റെ കസ്റ്റഡിയിലാണ്. Read on deshabhimani.com