മഹാരാഷ്ട്രയിൽ തർക്കത്തിനിടെ ബിജെപിയുടെ പ്രഖ്യാപനം; സത്യപ്രതിജ്ഞ 5ന്



ന്യൂഡൽഹി > മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രി ആരെന്നതിൽ മഹായുതിയിൽ തർക്കം തുടരവെ പുതിയ മന്ത്രിസഭ ഡിസംബർ അഞ്ചിന്‌ അധികാരമേൽക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ബിജെപി. തിങ്കളാഴ്‌ച ബിജെപി നിയമസഭാകക്ഷിയോഗം ചേർന്ന്‌ മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നും അഞ്ചിന്‌  മുംബൈയിലെ ആസാദ്‌ മൈതാനത്ത്‌ സത്യപ്രതിജ്ഞ നടക്കുമെന്നുമാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞത്‌. കാവൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ്‌ ഷിൻഡെ ചർച്ചകളിൽനിന്ന്‌ പിന്തിരിഞ്ഞ്‌ ജന്മനാട്ടിൽ പോയതിനെ തുടർന്ന്‌ മഹായുതി നേതൃയോഗം മുടങ്ങിയിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം പ്രധാനമന്ത്രി മോദിക്ക്‌ വിട്ടുകൊടുത്തതായി ഷിൻഡെ കഴിഞ്ഞദിവസം പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ പാർടി സമ്മർദ്ദം ചെലുത്തുന്നതിൽനിന്ന്‌ പിന്മാറിയിട്ടില്ല. ആഭ്യന്തരമന്ത്രി പദവിയും തർക്കത്തിലാണ്‌. കഴിഞ്ഞ സർക്കാരിൽ ആഭ്യന്തരവകുപ്പ്‌ കയ്യാളിയത്‌ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസാണ്‌. മുഖ്യമന്ത്രിസ്ഥാനം നൽകാത്തപക്ഷം ആഭ്യന്തരവകുപ്പ്‌ തങ്ങൾക്ക്‌ ഉറപ്പാക്കണമെന്ന്‌ ശിവസേന(ഷിൻഡെ) വിഭാഗം ആവശ്യപ്പെടുന്നു. കോൺഗ്രസിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍‌ ന്യൂഡൽഹി > മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ്‌ ഫലത്തിൽ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്ന കോൺഗ്രസിന്റെ ആരോപണം ചർച്ച ചെയ്യാമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ. ഇതിനായി ഡിസംബർ മൂന്നിന്‌ കോൺഗ്രസ്‌ പ്രതിനിധിസംഘത്തെ കമീഷൻ ക്ഷണിച്ചു. മൊത്തം പോൾ ചെയ്‌ത വോട്ടിന്റെ കണക്കും സ്ഥാനാർഥികൾക്ക്‌ ലഭിച്ച വോട്ടിന്റെ എണ്ണവും തമ്മിൽ പൊരുത്തക്കേടില്ലെന്നും ആവർത്തിച്ചു. വൈകിട്ട്‌ അഞ്ചുവരെ പോൾ ചെയ്‌ത വോട്ടിന്റെ എണ്ണവും അന്തിമ കണക്കും തമ്മിലുള്ള അന്തരം നടപടിക്രമങ്ങളിൽ പോളിങ്‌ ഓഫീസർമാർ നൽകിയ മുൻഗണന കാരണമാണ്‌. ഉദ്യോഗസ്ഥർക്ക്‌ ഒരേ സമയം പല ജോലികളും ചെയ്യേണ്ടിവരുന്നതിനാൽ പോളിങ്‌ കണക്ക്‌ കൃത്യസമയത്ത്‌ പുതുക്കാൻ കഴിഞ്ഞില്ലെന്നും തെരഞ്ഞെടുപ്പ്‌ കമീഷൻ അവകാശപ്പെട്ടു.ഔദ്യോഗിക പോളിങ്‌ സമയം കഴിഞ്ഞ്‌ വോട്ട്‌ കണക്കിൽ ഏഴ്‌ ശതമാനത്തിൽ കൂടുതൽ വർധന രേഖപ്പെടുത്തിയതായി പരാതി സാമ്പത്തിക ശാസ്‌ത്രജ്ഞൻ പരകാല പ്രഭാകർ ആരോപിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News