അണ്ഡം നല്‍കിയാല്‍ മാത്രം അമ്മയാകില്ല : ബോംബെ ഹൈക്കോടതി



മുംബൈ അണ്ഡമോ ബീജമോ ദാനം ചെയ്യുന്നവര്‍ക്ക് കുഞ്ഞിനുമേല്‍ നിയമപരമായ അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി. ജീവശാസ്ത്രപരമായ രക്ഷാകര്‍തൃത്വവും അവകാശപ്പെടാനാകില്ല. അഞ്ചുവയസ്സുള്ള ഇരട്ട പെൺകുട്ടികളുടെ അമ്മയായ നാൽപ്പത്തിരണ്ടുകാരിയുടെ ഹര്‍ജിയിലാണ് വിധി. മക്കളില്ലാതിരുന്ന യുവതിയും ഭര്‍ത്താവും വാടക​ഗര്‍ഭധാരണം എന്ന സാധ്യത ഉപയോ​ഗപ്പെടുത്തുകയായിരുന്നു. യുവതിയുടെ അനുജത്തി അണ്ഡം ദാനംനല്‍കി. 2019ൽ വാടക മാതാവ് ഇരട്ടക്കുട്ടികളെ പ്രസവിച്ചു. 2021 മാര്‍ച്ച് വരെ യുവതിയും  ഭര്‍ത്താവും കുട്ടികളും ഒന്നിച്ചാണ് താമസിച്ചത്. ഇതിനിടെ അണ്ഡദാതാവായ അനുജത്തിയുടെ ഭര്‍ത്താവും കുട്ടിയും അപകടത്തിൽ മരിച്ചു. ഇതേതുടര്‍ന്ന് ഭര്‍ത്താവ് കുട്ടികളുമായി അനുജത്തിയ്ക്കൊപ്പം മറ്റൊരു ഫ്ലാറ്റിലേക്ക് താമസം മാറിയെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു. കുട്ടികളെ സന്ദര്‍ശിക്കാനും പരിപാലിക്കാനുമുള്ള അവകാശത്തിനാണ് യുവതി കോടതിയെ സമീപിച്ചത്. അണ്ഡം നൽകിയത് ഭാര്യയുടെ അനുജത്തിയാണെന്നും അതിനാല്‍‍‍‍‍‍‍‍‍‍ അവരാണ് ജീവശാസ്ത്രപരമായ മാതാവ് എന്നും  ഭര്‍ത്താവ് കോടതിയിൽ വാദിച്ചെങ്കിലും കോടതി തള്ളി. കുഞ്ഞുങ്ങളുടെ ജനനത്തില്‍ അണ്ഡദാതാവ് എന്നതുമാത്രമാണ് യുവതിയുടെ അനുജത്തിയുടെ പങ്ക് എന്നും അതിലപ്പുറം അവകാശമില്ലെന്നും  ജസ്റ്റിസ് മിലിന്ദ് ജാധവിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. അണ്ഡമോ ബീജമോ ദാനം ചെയ്യുന്നവര്‍ക്കോ വാടക​ഗര്‍ഭധാരണം നടത്തുന്നവര്‍ക്കോ കുഞ്ഞിനുമേല്‍ നിയമപരമായ അധികാരം ഉണ്ടായിരിക്കില്ലെന്നാണ് രാജ്യത്തെ നിയമം.   Read on deshabhimani.com

Related News