ഇന്ത്യ ചൈന 
സഹകരണം തുടരും ; റഷ്യയില്‍ മോദി ഷി കൂടിക്കാഴ്‌ച

ബ്രിക്‌സ്‌ ഉച്ചകോടിയിൽ ചൈന പ്രസിഡന്റ്‌ ഷി ജിൻപിങ് 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുന്നു


മോസ്‌കോ അഞ്ചുവർഷത്തിനുശേഷം ചൈന പ്രസിഡന്റ്‌ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിലെ കസാനിൽ ബ്രിക്‌സ്‌  ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്‌ച. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ സംഘർഷാവസ്ഥ ഇല്ലാതാക്കാനുള്ള ഉഭയകക്ഷി തീരുമാനം ഇരുനേതാക്കളും സ്വാഗതം ചെയ്‌തു. പൊതു സമ്മതിയുള്ള വിഷയങ്ങളിൽ സഹകരണം തുടരാനും ധാരണയായി. ഇന്ത്യയും ചൈനയും തമ്മിൽ നല്ല ബന്ധം തുടരേണ്ടത്‌ ലോകത്തിന്റെയാകെ സമാധാനത്തിനും സ്ഥിരതയ്‌ക്കും പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന്‌ മോദി പറഞ്ഞു. അതിർത്തിയിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിനും മുന്‍​ഗണന നല്‍കണം. പരസ്‌പര വിശ്വാസം, ബഹുമാനം എന്നിവയില്‍ അധിഷ്‌ഠിതമായിരിക്കണം ഉഭയകക്ഷി ബന്ധമെന്നും ചൂണ്ടിക്കാട്ടി. "ഗ്ലോബൽ സൗത്തി'ലെ പ്രധാന രാഷ്ട്രങ്ങളായ ഇന്ത്യയും ചൈനയും നവീകരണത്തിന്റെ നിർണായകഘട്ടത്തിലാണെന്ന്‌ ഷി ജിൻപിങ്‌ പറഞ്ഞു. ഉഭയകക്ഷി ബന്ധം ശരിയായ ദിശയിലാണ്‌ നീങ്ങുന്നെതെന്ന്‌ ഉറപ്പാക്കണം. കൂടുതൽ ആശയവിനിമയവും സഹകരണവും ഉറപ്പാക്കി ഭിന്നതകൾ ഉചിതമായി കൈകാര്യം ചെയ്യാനാകണം. വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരസ്‌പരസഹായകമായ നിലപാട്‌ കൈക്കൊള്ളണം. ബഹുധ്രുവ ലോകക്രമം ഉറപ്പാക്കാനും ജനാധിപത്യം കാത്തുസൂക്ഷിക്കാനും ഉതകുന്ന നിലപാടുകൾ കൈക്കൊള്ളണമെന്നും ഷി പറഞ്ഞു. മഹാബലിപുരത്ത് 2019 ഒക്ടോബറിലാണ് മോദിയും ഷിയും ഇതിന്‌ മുമ്പ്‌ ഔദ്യോഗിക ചർച്ച നടത്തിയത്‌. ശേഷം 2022 നവംബറിൽ ബാലിയിൽ ജി20 ഉച്ചകോടിയോടനുബന്ധിച്ച്‌ നടന്ന വിരുന്നുസൽക്കാരത്തിലും 2023 ആഗസ്‌തിൽ ജൊഹന്നാസ്‌ബർഗിലും ഇരു നേതാക്കളും ഹ്രസ്വ സംഭാഷണം നടത്തി. യുദ്ധത്തെയല്ല, ചർച്ചയെയും നയതന്ത്രനീക്കങ്ങളെയുമാണ്‌ ഇന്ത്യ പിന്തുണയ്‌ക്കുന്നതെന്ന്‌ ബ്രിക്‌സ്‌ ഉച്ചകോടിയിൽ മോദി പറഞ്ഞു. ഇറാൻ പ്രസിഡന്റ്‌ മസൂദ്‌ പെസഷ്‌ക്യൻ,  ഉസ്‌ബെകിസ്ഥാൻ പ്രസിഡന്റ്‌ ഷവ്‌കത്‌ മിർസിയോയേവ്‌, യുഎഇ പ്രസിഡന്റ്‌ ഷെയ്‌ഖ്‌ മൊഹമ്മദ്‌ ബിൻ സയ്യെദ്‌ അൽ നഹ്യാൻ തുടങ്ങിയവരുമായും മോദി കൂടിക്കാഴ്‌ച നടത്തി. Read on deshabhimani.com

Related News