ലൈംഗിക അതിക്രമം ; പ്രതികളെ സംരക്ഷിച്ച് ബിജെപി സർക്കാർ
ന്യൂഡൽഹി മലയാള സിനിമാമേഖലയിൽ ദുരനുഭവങ്ങൾ നേരിട്ട സ്‌ത്രീകൾക്ക് നീതി ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ നിലകൊള്ളുമ്പോൾ ലൈംഗികാതിക്രമ സംഭവങ്ങളിലും പരാതികളിലും ബിജെപിയും കേന്ദ്രസർക്കാരും സ്വീകരിച്ച സമീപനവും ചർച്ചയാകുന്നു. ബിജെപി എംപിയായിരുന്ന ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ വനിതാ ഗുസ്‌തി താരങ്ങൾ ഉയർത്തിയ ലൈംഗിക അതിക്രമ പരാതികൾ, ബനാറസ് ഹിന്ദു സർവകലാശാല–-ഐഐടി വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം, ഹരിയാനയിൽ മന്ത്രി സന്ദീപ് സിങ് ഉൾപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതികളെ രക്ഷിക്കാൻ നിർലജ്ജം ശ്രമങ്ങളുണ്ടായി. ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ പോക്‌സോ ചുമത്തുന്നത് ആസൂത്രിതമായി അട്ടിമറിച്ചു. പരാതിക്കാരെ തുടർച്ചയായി ഭീഷണിപ്പെടുത്തി. കായികതാരങ്ങൾക്ക് നീതിക്കായി തെരുവിലിറങ്ങേണ്ടിവന്നു. സുപ്രീംകോടതി നിർദേശപ്രകാരമാണ് ബ്രിജ്‌ഭൂഷണിനെതിരെ കേസെടുത്തത്. ഇതിനിടെ, ഗുസ്‌തിതാരങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതി പിൻവലിക്കപ്പെട്ടു. പോക്‌സോ കേസും റിമാൻഡും ഒഴിവാക്കാൻ ബ്രിജ്‌ഭൂഷണിന് കഴിഞ്ഞു. ബ്രിജ്‌ഭൂഷണിനെതിരെ രണ്ട് വർഷം മുമ്പ് ഗുസ്‌തി താരങ്ങൾ പ്രധാനമന്ത്രിയോട് പരാതിപ്പെട്ടിരുന്നതായി ഡൽഹി പൊലീസ് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിലുണ്ട്. ഇരയാക്കപ്പെട്ട പെൺകുട്ടികളിൽ ഒരാൾ തന്നെയാണ് താനും സഹതാരങ്ങളും നേരിട്ട ലൈംഗികഅതിക്രമം പ്രധാനമന്ത്രിയോട് വിശദീകരിച്ചത്. ഇതിനുശേഷം ബ്രിജ്‌ഭൂഷണിന്റെ സെക്രട്ടറി താരങ്ങളെ ഭീഷണിപ്പെടുത്തി. ബ്രിജ്‌ഭൂഷണിന്റെ വിശ്വസ്‌തരെ ഗുസ്‌തി ഫെഡറേഷൻ തലപ്പത്ത് നിലനിർത്താനും കായികമന്ത്രാലയം ശ്രമിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബ്രിജ്‌ഭൂഷണിനെ മത്സരിപ്പിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മകന് സീറ്റ് നൽകി. ഗുസ്‌തിതാരങ്ങൾക്ക് നൽകിയ പൊലീസ് സുരക്ഷ പിൻവലിച്ചത് കോടതി ഇടപെട്ടാണ് പുനഃസ്ഥാപിച്ചത്. മണിപ്പുർ കലാപത്തിനിടെ മൂന്ന് സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടും പ്രധാനമന്ത്രി ഇതേപ്പറ്റി പ്രതികരിച്ചത് 78 ദിവസത്തിനുശേഷമാണ്. അത് ദുർബല പ്രതികരണവുമായിരുന്നു. പോക്‌സോ നിയമം പൂർണമായി അട്ടിമറിക്കാനും നീക്കമുണ്ടായി. Read on deshabhimani.com