വം​ഗനാടിന്റെ പോരാളിക്ക് വിട; ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു



കൊൽക്കത്ത> മുതിർന്ന സിപിഐ എം നേതാവും പശ്ചിമ ബം​ഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു.  ദീർഘകാലമായി ചികിത്സയിലായിരുന്നു. തെക്കൻ കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയിൽ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു അന്ത്യം. ബാലിഗഞ്ച് ഏരിയയിലെ രണ്ട് മുറികളുള്ള ഒരു ചെറിയ സർക്കാർ അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. സിഒപിഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസ്)യും വാർധക്യസഹജമായ മറ്റ് രോഗങ്ങളും കാരണം അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് കുറച്ചുകാലമായി സജീവമായിരുന്നില്ല. 1944 മാർച്ച് ഒന്നിന് വടക്കൻ കൊൽക്കത്തയിൽ ഭട്ടാചാര്യ ജനിച്ചത്. 1966-ൽ സിപി ഐ എമ്മിൽ പ്രാഥമിക അംഗമായി. 1968ൽ പശ്ചിമബംഗാൾ ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി. 71ൽ സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും 82ൽ സെക്രട്ടറിയേറ്റ് അംഗവുമായി. 1984 മുതൽ പാർട്ടി കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. 1985ൽ കേന്ദ്രകമ്മറ്റി അംഗമായി. 2000 മുതൽ പൊളിറ്റ് ബ്യൂറോ അംഗത്വം. 1977ൽ കോസിപുരിൽനിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ൽ പരാജയപ്പെട്ടെങ്കിലും അതേവർഷം തന്നെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായി.  1987–96 കാലത്തു വാർത്താവിനിമയ, സാംസ്കാരിക വകുപ്പും 1996–99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്തു. 2000 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായി. അതേ വർഷം നവംബറിൽ ആരോഗ്യകാരണങ്ങളാൽ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രിയായി. പശ്ചിമ ബംഗാളിന്റെ വ്യവസായ വൽക്കരണത്തിൽ ശക്തമായ നിലപാടുകൾ എടുത്തു. ഭാര്യ: മീര. മകൾ: സുചേതന.     Read on deshabhimani.com

Related News