‘രാജ്യത്തെ നിയമങ്ങൾ 
ഇടിച്ചുനിരത്തുന്നതിന്‌ തുല്യം’ ; ബുൾഡോസർ രാജിനെതിരെ വീണ്ടും സുപ്രീംകോടതി



ന്യൂഡൽഹി സർക്കാരുകൾ ‘ബുൾഡോസർ രാജ്‌’ നടപ്പാക്കുന്നത്‌ നിയമങ്ങൾക്ക്‌ മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന്‌ തുല്യമെന്ന്‌ സുപ്രീംകോടതി. ആരെങ്കിലും ഒരു കേസിൽ പ്രതിയായെന്നത്‌ കൊണ്ട്‌ ആ വ്യക്തിയുടെയോ ബന്ധുക്കളുടെയോ വസ്‌തുവകകൾ ഇടിച്ചുനിരത്തുന്നത്‌ നിയമത്തെ ഇടിച്ചുനിരത്തുന്നതിന്‌ തുല്യമാണെന്നും ജസ്‌റ്റിസ്‌ ഹൃഷികേശ്‌റോയ്‌ അധ്യക്ഷനായ ബെഞ്ച്‌ വിമർശിച്ചു. ബുൾഡോസർരാജിന്‌ എതിരെ ഈ മാസത്തിൽ രണ്ടാം തവണയാണ്‌ സുപ്രീംകോടതി ആഞ്ഞടിക്കുന്നത്‌. പ്രതിയല്ല കുറ്റവാളി തന്നെയാണെങ്കിലും ആ വ്യക്തിയുടെ വീടോ കടയോ വസ്‌തുവകകളോ ഇടിച്ചുനിരത്താൻ പാടില്ലെന്ന്‌ ഈ മാസം ആദ്യം ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌ അധ്യക്ഷനായ ബെഞ്ച്‌ വിമർശിച്ചിരുന്നു. ബുൾഡോസർ രാജിനെ നിയന്ത്രിക്കാൻ രാജ്യവ്യാപകമായി മാർഗനിർദേശം പുറപ്പെടുവിക്കുന്നതും പരിഗണനയിലുണ്ടെന്നും അറിയിച്ചു. ഇതിനുപിന്നാലെയാണ്‌ മറ്റൊരു കേസിൽ സുപ്രീംകോടതി ബുൾഡോസർ രാജിനെതിരെ ആഞ്ഞടിച്ചത്‌. സർക്കാരിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ നിയമവാഴ്‌ചയുള്ള ഒരു രാജ്യത്ത്‌ കുടുംബത്തിൽ ഒരാൾ ചെയ്‌ത നിയമലംഘനത്തിന്റെ പേരിൽ മറ്റ്‌ കുടുംബാംഗങ്ങൾക്ക്‌ എതിരെയോ അവരുടെ വസ്‌തുവകകൾക്ക്‌ എതിരെയോ അവർ നിയമപരമായി നിർമിച്ച വീടിന്‌ എതിരെയോ നടപടിയുണ്ടാകുന്നത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന്‌- ജസ്‌റ്റിസുമാരായ സുധാൻശുധുലിയ, എസ്‌ വി എൻ ഭാട്ടി എന്നിവർകൂടി അംഗങ്ങളായ സുപ്രീംകോടതി ബെഞ്ച്‌ നിരീക്ഷിച്ചു. ഗുജറാത്തിൽ കേസിൽ പ്രതിയായ ഒരാളുടെ വീട്‌ ഇടിച്ചുപൊളിക്കുമെന്ന മുൻസിപ്പൽ അധികൃതരുടെ ഭീഷണിക്ക്‌ എതിരെ പ്രതിയുടെ ബന്ധുക്കൾ നൽകിയ ഹർജി പരിഗണിക്കവേയാണ്‌ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ. Read on deshabhimani.com

Related News