വന്ദേ ഭാരത് നിർമാണത്തിൽ പാകപ്പിഴ: 55 കോടി നഷ്ടമെന്ന് സിഎജി
ന്യൂഡൽഹി> വന്ദേ ഭാരത് ട്രെയിനുകൾ സംവിധാനം ചെയ്‌തതിലെ പാകപ്പിഴ കാരണം റെയിൽവേയ്‌ക്ക് 55 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി റിപ്പോർട്ട്. ഇത്തരം ട്രെയിനുകളുടെ പ്രഥമ രൂപമായ ട്രെയിൻ–-18 ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ചതിൽ ഉണ്ടായ പിഴവാണ് നഷ്ടത്തിനു കാരണം. ഇതേതുടർന്ന് 46 കോടി രൂപയുടെ സാമഗ്രികളും 8.6 കോടി രൂപ വിലവരുന്ന ആറ് ബോഗിയും ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എൻജിൻ സംവിധാനത്തിലെ മാറ്റത്തിനു അനുസൃതമായി ബോഗികളുടെ രൂപഘടനയിൽ വ്യത്യാസം വരുത്താതിരുന്നതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. ഉത്തരമേഖല റെയിൽവേയിൽ ഉപയോഗിക്കാൻ നിർമിച്ച ബോഗികളും അതിനായി വാങ്ങിയ അനുബന്ധ ഉപകരണങ്ങളുമാണ് പാഴായിപ്പോയത്. ഉത്തരമേഖല റെയിൽവേയ്‌ക്ക് ആവശ്യമായ ട്രെയിൻ–-18 കൈമാറുന്നതിനു മുമ്പേ എൻജിൻ സംവിധാനം നവീകരിച്ചു. ഇക്കാര്യം റെയിൽവേയ്‌ക്ക് വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. Read on deshabhimani.com