ഡോക്‌ടറുടെ കൊലപാതകം: അന്വേഷണം സിബിഐയ്ക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി



കൊൽക്കത്ത > ആർജി കർ ​മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ കേസന്വേഷണം സിബിഐയ്ക്കു വിട്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവ്. ആശുപത്രി അധികൃതരുടെ നടപടികളിൽ ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം ഉടൻ സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് പെൺകുട്ടിയുടെ വീട്ടുകാരടക്കം ആവശ്യപ്പെട്ടിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും  അന്വേഷണത്തിൽ കാര്യമായ പുരോ​ഗതി ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം നീണ്ടുപോയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്ക പരിഗണിക്കപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. സന്ദീപ് ഘോഷ് സംഭവശേഷം രാജി വച്ചിരുന്നു. എന്നാൽ രാജിവച്ച സന്ദീപ് ഘോഷിനെ മണിക്കൂറുകൾക്കുള്ളിൽ വീണ്ടും നിയമിച്ചിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ഇന്ന്‌ വൈകുനേരത്തിനുള്ളിൽ  പ്രിൻസിപ്പലിനെ പുറത്താക്കുകയോ അല്ലെങ്കിൽ അവധി നൽകുകയോ വേണമെന്നും ഉത്തരവിട്ടു. വെള്ളിയാഴ്ചയാണ് ആർജി കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്‌. പുലർച്ചെയായിരുന്നു സംഭവം. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായ 31കാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന ‍ഡോക്ടർ രണ്ട് മണിക്ക് തന്റെ ജൂനിയേഴ്സിന്റെ കൂടെ ഭക്ഷണം കഴിച്ച ശേഷം സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. പ്രതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയശേഷം തെളിവുനശിപ്പിക്കാനും ശ്രമം നടത്തിയെന്ന് പൊലീസ് പറയുന്നു. വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയശേഷം താമസസ്ഥലത്തെത്തിയ പ്രതി വസ്ത്രങ്ങളെല്ലാം കഴുകിവൃത്തിയാക്കിയെന്നും വീട്ടിൽനിന്ന് കണ്ടെടുത്ത ഷൂവിൽ രക്തക്കറ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പ്രതിയുടെ ഫോണിൽ കണക്ട് ചെയ്ത ബ്ലൂടൂത്ത് മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്തൊട്ടാകെ ജൂനിയർ ഡോക്ടർമാരും മെഡിക്കൽ കോളേജ് വിദ്യാർഥികളും സമരത്തിൽ. മെഡിക്കൽ കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളൊഴികെ മറ്റ് എല്ലാ വിഭാഗങ്ങളെയും സമരം സാരമായി ബാധിച്ചു. ആരോ​ഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും പണിമുടക്കി. എസ്എഫ്ഐ,ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ  പ്രതിഷേധം സംഘടിപ്പിച്ചു.  പിജി വിദ്യാർഥിനിയായ ജൂനിയർ ഡോക്ടറെ വെള്ളിയാഴ്ചയാണ് ബലാത്സം​ഗം ചെയത് കൊന്നത്. അറസ്റ്റിലായ പൊലീസ് സിവിക്ക് വളന്റിയറായ സഞ്ജയ് റോയി തൃണമൂൽ കോഗ്രസിന്റെ  പ്രവർത്തകനായിരുന്നു.   Read on deshabhimani.com

Related News