"ജനങ്ങളും അറിയട്ടെ' കൊല്‍ക്കത്ത ബലാത്സംഗ കേസിൽ തത്സമയ സംപ്രേഷണം തടയില്ലെന്ന് സുപ്രീംകോടതി



കൊൽക്കത്ത> ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ‍ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ തത്സമയ സംപ്രേക്ഷണം തടയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേസിന് കാര്യമായ പൊതുതാൽപ്പര്യമുണ്ടെന്നും കോടതിമുറിയിലെ സംഭവവികാസങ്ങൾ പൊതുജനങ്ങൾക്ക് അറിയാൻ അർഹതയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ എടുത്ത കേസാണ് സുപ്രീം കോടതി പരിഗണിച്ചത്. വാദം കേള്‍ക്കല്‍ തുടങ്ങിയപ്പോള്‍ തന്നെ സംപ്രേഷണം അവസാനിപ്പിക്കണമെന്ന്, ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. വനിതാ അഭിഭാഷകര്‍ ഭീഷണി നേരിടുന്നുണ്ടെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. അവര്‍ക്കു നേരെ ആസിഡ് ആക്രമണം ഉണ്ടാവുമെന്നും ബലാത്സംഗം ചെയ്യുമെന്നുമൊക്കെയാണ് ഭീഷണിയെന്ന് സിബല്‍ പറഞ്ഞു. ഇത്തരത്തില്‍ ഭീഷണിയുണ്ടെങ്കില്‍ കോടതി ഇടപെടുമെന്ന് ബെഞ്ച് ഉറപ്പു നല്‍കി. കേസില്‍ സിബിഐ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. Read on deshabhimani.com

Related News