പോളിങ് ബൂത്തുകൾക്ക് സമീപം ചെരിപ്പുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർഥി
മുംബൈ > മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി തന്റെ മണ്ഡലമായ ധാരാശിവിലെ പോളിങ് ബൂത്തുകൾക്ക് സമീപം ചെരിപ്പുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. പരണ്ട നിയമസഭാ സീറ്റിൽ നിന്നുള്ള സ്ഥാനാർഥി ഗുരുദാസ് സംഭാജി കാംബ്ലെയാണ് പോളിംഗ് ബൂത്തുകളുടെ 200 മീറ്റർ ചുറ്റളവിൽ "ചെരിപ്പുകൾ" നിരോധിക്കാൻ ആവശ്യപ്പെട്ടത്. ചെരിപ്പ് തന്റെ തെരഞ്ഞെടുപ്പ് ചിഹ്നമാണെന്നും അവ ധരിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ടം അനുസരിച്ച് സ്ഥാനാർഥികൾക്ക് പോളിങ് സ്റ്റേഷനുകൾക്ക് സമീപം അവരുടെ ചിഹ്നം പ്രദർശിപ്പിക്കുന്നത് ചട്ടലംഘനമാണ്. വോട്ടർമാരെയോ ഉദ്യോഗസ്ഥരെയോ ബൂത്തുകൾക്ക് സമീപം ചെരിപ്പ് ധരിക്കാൻ അനുവദിക്കുന്നത് നിയമങ്ങൾ ലംഘനമാണെന്ന് കാംബ്ലെ പറഞ്ഞു. "എന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ചെരിപ്പാണ്. പോളിംഗ് ബൂത്തുകളുടെ 200 മീറ്റർ ചുറ്റളവിൽ ചെരിപ്പ് ധരിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കാണാവുന്നതാണ്. അത്തരം പ്രശ്നങ്ങൾ തടയുന്നതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥാനാർഥികളും ഉൾപ്പെടെ എല്ലാവരും ചെരിപ്പ് ധരിക്കരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. അവ ധരിക്കുന്നവർ കർശന നടപടി നേരിടേണ്ടിവരും, ”കാംബ്ലെ തന്റെ കത്തിൽ പറഞ്ഞു. മഹാരാഷ്ട്രയിൽ നവംബർ 20റൊണ് വോട്ടെടുപ്പ്. നവംബർ 23 ന് വോട്ടെണ്ണും. Read on deshabhimani.com