സർക്കാർ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; പൂജ ഖേദ്‌കറിന്റെ പിതാവിനെതിരെ കേസ്
പുണെ > സർക്കാരുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കറിന്റെ പിതാവ് ദിലീപ് ഖേദ്കറിനെതിരെ കേസ്. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് തഹസിൽ ദാർ നൽകിയ പരാതിയിലാണ് ദിലീപ് ഖേദ്കറിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പുണെ ജില്ലാ കലക്ടറേറ്റിലെ തഹസിൽദാർ ദീപക് അകാഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ദ്ഗാർഡൻ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൂജ ഖേദ്കർക്ക് അസിസ്റ്റന്റ് കലക്ടറായി നിയമനം ലഭിച്ച ഉടൻ മകൾക്ക് പ്രത്യേക ക്യാബിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഖേദ്കർ ഭീഷണിപ്പെടുത്തിയതായാണ് പരാതി. പരാതി ലഭിച്ചതിന് ശേഷം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 186, 504, 506 വകുപ്പുകൾ പ്രകാരം ദിലീപ് ഖേദ്കറിനെതിരെ കേസെടുത്തതായി പുണെ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻ സർക്കാർ ഉദ്യോഗസ്ഥനായ ദിലീപ് മകൾക്ക് അനുവദനീയമല്ലാത്ത സൗകര്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനെത്തുടർന്നാണ് ഐഎഎസ് ട്രെയിനിയായ പൂജയ്ക്ക് നേരെ ആദ്യം പരാതി ഉയരുന്നത്. തുടരന്വേഷണത്തിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് പൂജ സിവിൽ സർവീസ് നേടിയതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുപിഎസ് സി ഇവരുടെ ഐഎഎസ് റദ്ദാക്കിയിരുന്നു. തുടർ പരീക്ഷകളിൽ നിന്ന് വിലക്കുകയും ചെയ്തു. Read on deshabhimani.com