ആവശ്യത്തിന് സബ്‌സിഡി അനുവദിക്കാതെ കേന്ദ്രം; വളം ക്ഷാമം രൂക്ഷം; കർഷകർ പ്രതിഷേധത്തിൽ
ന്യൂഡൽഹി വളം കിട്ടാതായത് ഹരിയാനയിലും പഞ്ചാബിലും കടുക്–- ഗോതമ്പ് കൃഷിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിൽ കർഷകർ. ഗോതമ്പിന്റെയും കടുകിന്റെയും കൃഷിക്ക് അനിവാര്യമായ ഡൈഅമോണിയം ഫോസ്‌ഫേറ്റിനാണ് (ഡിഎപി) ക്ഷാമം. അന്താരാഷ്ട്ര വിപണിയിൽ ഡിഎപിക്ക് വില ഉയർന്നതിന് അനുസൃതമായി സബ്‌സിഡി അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഡിഎപി കിട്ടാത്തതിനാൽ ഹരിയാനയിൽ കർഷകർ കടുത്ത പ്രതിഷേധത്തിലാണ്. സംഘർഷം ഉടലെടുത്തതോടെ തോഷമിൽ വളം വിതരണം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഡിഎപി ആവശ്യത്തിന് ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ കേന്ദ്ര രാസവസ്‌തു–- രാസവളം മന്ത്രി ജെ പി നദ്ദയെ കണ്ടു. അന്താരാഷ്ട്ര വിപണിയിൽ നിലവിൽ ഡിഎപി വില ടണ്ണിന് 54,000 രൂപയ്‌ക്കടുത്താണ്. ഇറക്കുമതി തീരുവയും മറ്റ് ചെലവുകളും ചേർത്ത് വിപണിയിൽ എത്തുമ്പോൾ ടണ്ണിന് 65,000 രൂപയാകും. നിലവിൽ ഡിഎപിയുടെ ചില്ലറ വിപണിവില ടണ്ണിന് 27,000 രൂപയാണ്. സർക്കാർ അനുവദിക്കുന്ന സബ്‌സിഡിയാകട്ടെ ടണ്ണിന് 21,911 രൂപയും. വിൽപ്പന വിലയും സബ്‌സിഡിയും ചേർത്താലും കമ്പനികൾക്ക് ലഭിക്കുക ടണ്ണിന് 48,911 രൂപ. നഷ്ടം സഹിച്ച് ഡിഎപി ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് വളം കമ്പനികൾ. Read on deshabhimani.com