സെൻസസ്‌ 
അടുത്തവർഷം ; സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം



  ന്യൂഡൽഹി രണ്ടാം മോദി സർക്കാരിന്റെ കാലത്ത്‌ മുടങ്ങിയ സെൻസസ്‌ പ്രക്രിയയ്‌ക്ക്‌ 2025 ആദ്യം തുടക്കമാകുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താഏജൻസി റിപ്പോർട്ടുചെയ്‌തു. സെൻസസിന്റെ അടിസ്ഥാനത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കും. ശേഖരിക്കുന്ന വിവരങ്ങൾ 2026ൽ ഔദ്യോഗികമായി പുറത്തുവിടും. സെൻസസിനൊപ്പം ജാതി സെൻസസ്‌ നടത്താൻ ഇതുവരെ തീരുമാനമില്ലെന്നാണ്‌ റിപ്പോർട്ട്‌. മണ്ഡല പുനർനിർണയം നടത്തുന്നതിലും വ്യക്തതയില്ല. 1951ലെ ആദ്യ സെൻസസിനുശേഷം  10 വർഷം കൂടുമ്പോൾ ജനസംഖ്യാ കണക്കെടുപ്പ്‌ മുടങ്ങാതെ നടത്തി. 2021ൽ കോവിഡ്‌ കാരണം നീട്ടിവച്ചു. തുടർന്ന്‌ സെൻസസ്‌ നടത്താൻ മോദി സർക്കാർ മുതിർന്നില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കാനാകുമെന്നും തുടർന്ന്‌ സെൻസസ്‌ നടത്തി എൻപിആർ പുതുക്കിയശേഷം ദേശീയ പൗരത്വ രജിസ്റ്ററിനുകൂടി രൂപം നൽകാം എന്നുമായിരുന്നു പദ്ധതി.  പുതിയ സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്‌സഭാ സീറ്റുകൾ കൂടുംവിധം മണ്ഡല പുനർനിർണയവും പദ്ധതിയിട്ടു. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റത്‌  പദ്ധതികളെ തകിടംമറിച്ചു. ഭരണഘടനയുടെ 82–-ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിൽ 2026ന്‌ ശേഷമുള്ള സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ അടുത്ത മണ്ഡലപുനർനിർണയം നടത്തേണ്ടത്‌. 2025ൽ സെൻസസ്‌ നടത്തിയാൽ മണ്ഡല പുനർനിർണയം ഉടൻ സാധ്യമാകില്ല. അതല്ലെങ്കിൽ 82–-ാം അനുച്ഛേദത്തിൽ മാറ്റം വരുത്തേണ്ടി വരും. 2025ൽ സെൻസസ്‌ നടത്തുമെന്ന റിപ്പോർട്ടുകൾക്ക്‌ പിന്നാലെ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു. സെൻസസിനൊപ്പം ജാതി സെൻസസ്‌ നടത്തുന്നത്‌ അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന്‌ കോൺഗ്രസ്‌ മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്‌ ആവശ്യപ്പെട്ടു. 2025ൽ സെൻസസ്‌ നടത്തിയാൽ 2035, 2045 എന്നീ വർഷങ്ങളിലാകും തുടർന്നുള്ള ജനസംഖ്യാ കണക്കെടുപ്പുകൾ. 2011 ലെ സെൻസസ്‌ കണക്കുകൾപ്രകാരം 121 കോടിയാണ്‌ രാജ്യത്തെ ജനസംഖ്യ. ആയിരം പുരുഷൻമാർക്ക്‌ 940 സ്‌ത്രീകൾ എന്നതാണ്‌ സ്‌ത്രീ–- പുരുഷ അനുപാതം. 74.04 ശതമാനമായിരുന്നു സാക്ഷരതാ നിരക്ക്‌. Read on deshabhimani.com

Related News