കശ്‌മീരിൽ വ്യാപക റെയ്‌ഡ് ; 7 പേർ കസ്‌റ്റഡിയിൽ
ന്യൂഡൽഹി ജമ്മു -കശ്‌മീരിൽ ഏഴു പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് പിന്നാലെ താഴ്‌വരയിലെ ഏഴ് ജില്ലകളിൽ കൗണ്ടർ ഇന്റലിജൻസ് കശ്‌മീർ (സിഐകെ) വ്യാപകമായി റെയ്‌ഡ് നടത്തി. ‘തെഹ്‌രിക് ലബെയ്‌ക് യ മുസ്ലീം’ എന്ന പുതിയൊരു തീവ്രവാദി സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കം റെയ്‌ഡിലൂടെ തടഞ്ഞതായി സിഐകെ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഭീകരാക്രമണമുണ്ടായ ഗന്ധർബൽ, ശ്രീനഗർ, പുൽവാമ, അനന്ത്‌നാഗ്, കുൽഗാം, ബദ്‌ഗാം, ബന്ദിപുര എന്നിവിടങ്ങളിലാണ് സിഐകെ റെയ്‌ഡ് നടത്തിയത്. ലഷ്‌ക്കറെ തോയ്‌ബയുടെ ഉപസംഘടനയാണ് ‘തെഹ്‌രിക് ലബെയ്‌ക് യ മുസ്ലീം’. പത്തിടങ്ങളിലാണ് സിഐകെ പരിശോധന നടത്തിയത്. പുതിയ തീവ്രവാദി സംഘടനയുടെ പ്രവർത്തകരെന്ന് സംശയിക്കുന്നവരുടെ വസതികളിലായിരുന്നു പരിശോധന. 14 മൊബൈൽ ഫോണും ഒരു ലാപ്‌ടോപ്പും റെയ്‌ഡിൽ പിടിച്ചെടുത്തു. ഏഴു പേരെ ചോദ്യംചെയ്യാനായി കസ്‌റ്റഡിയിലെടുത്തു. പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുമെല്ലാം പരിശോധിച്ചശേഷം അറസ്‌റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങും. ഗന്ധർബലിൽ ഏഴു പേരെ ഭീകരർ കൊലപ്പെടുത്തിയ സ്ഥലം എൻഐഎ സംഘം പരിശോധിച്ചു. ഭീകരർക്കായുള്ള തിരച്ചിൽ ചൊവ്വാഴ്‌ചയും തുടർന്നു. ഭീകരാക്രമണങ്ങൾ വീണ്ടും വർധിക്കുന്ന പശ്‌ചാത്തലത്തിൽ സുരക്ഷാഏജൻസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ആവശ്യപ്പെട്ടു. ഞായറാഴ്‌ച രാത്രിയാണ് ശ്രീനഗർ–- ലഡാക്ക് ദേശീയപാതയിൽ തുരങ്കനിർമ്മാണ സ്ഥലത്ത് ഭീകരർ ഒരു ഡോക്ടറടക്കം ഏഴു പേരെ കൊലപ്പെടുത്തിയത്. മരിച്ചവരിൽ മൂന്നു പേർ ബിഹാർ സ്വദേശികളും ഒരാൾ പഞ്ചാബ് സ്വദേശിയും മറ്റൊരാൾ മധ്യപ്രദേശ് സ്വദേശിയുമാണ്. Read on deshabhimani.com