ഗുജറാത്തിൽ 5000 കോടിയുടെ കൊക്കെയ്‍ൻ പിടികൂടി
അഹമ്മദാബാദ് ഗുജറാത്ത് അങ്കലേശ്വറിൽ സര്‍ക്കാര്‍ വ്യവസായ എസ്റ്റേറ്റിലെ ഫാര്‍മസ്യൂട്ടിക്കൽ കമ്പനി ഫാക്ടറിയിൽ നിന്ന് 5000 കോടിയുടെ 518 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. അവകാര്‍ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാരായ അശ്വിൻ കേശുഭായ് , ബ്രിജേഷ് കോതി, വിജയ് കേശവ്‍ലാൽ എന്നിവരടക്കം 5 പേര്‍ അറസ്റ്റിലായി. ഡൽഹി പൊലീസും ഗുജറാത്ത് പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഒക്ടോബര്‍ 1ന് ഡൽഹി മഹിപാൽപുരിലെ ഗോഡൗണിൽ നിന്ന് 5620 കോടിയുടെ 562 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം തായ്‍ലൻഡ് കഞ്ചാവും പിടികൂടിയിരുന്നു. ഒക്ടോബര്‍ 10ന് ഡൽഹിയിൽ നിന്നുതന്നെ 2,080 കോടിയുടെ 208 കിലോഗ്രാം കൊക്കെയ്നും പിടികൂടി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊക്കെയ്ൻ എത്തിയത് അങ്കലേശ്വറിലെ അവകാര്‍ ഡ്രഗ്സിൽ നിന്നാണെന്ന് കണ്ടെത്തിയത്. മൂന്നു സംഭവങ്ങളിലുമായി 13000 കോടി രൂപയുടെ 1289 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 12 പേര്‍ അറസ്റ്റിലായി. ലഹരിക്കടത്തിനുപിന്നിൽ ദുബായ്, യുകെ ബന്ധമുള്ള വമ്പൻ ലഹരി സംഘമാണെന്ന് സംശയിക്കുന്നു. കടത്തിയത് മരുന്ന് എന്ന വ്യാജേന ദുബായിൽ നിന്നാണ് അവകാര്‍ ഫാക്ടറിയിലേക്ക് കൊക്കെയ്ൻ എത്തിയത്. ഇവിടെ നിന്നും ഫാര്‍മസൊലൂഷൻസ് സര്‍വീസസ് എന്ന വ്യാജ ഫാര്‍മ കമ്പനിയുടെ പേരിൽ മെഡിസിൻ പാക്കേജായി ഡൽഹിയിലെത്തിക്കുകയാണ് പതിവ്. ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസുകാരനായ വീരേന്ദ്ര ബസോയിയാണ് പിന്നിലെന്നാണ് സംശയിക്കുന്നത്. 2016ല്‍ രൂപീകരിച്ച അവകാര്‍ ഡ്രഗ്സ് 2018ൽ വ്യവസായ എസ്റ്റേറ്റിൽ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി. Read on deshabhimani.com