സീറ്റിന് 2 കോടി ആവശ്യപ്പെട്ടു; എംഎൽഎ കോൺഗ്രസ് വിട്ടു
ന്യൂഡൽഹി> സീറ്റിന് നേതാക്കൾ ആവശ്യപ്പെട്ട രണ്ടുകോടി രൂപ നൽകാത്തതിനാൽ അവസരം നിഷേധിച്ചെന്ന ഗുരുതര ആരോപണവുമായി ജാർഖണ്ഡിലെ കോൺഗ്രസ് നേതാവും സിറ്റിങ് എംഎൽഎയുമായ ഉമാശങ്കർ യാദവ് അകേല. കോൺഗ്രസ് വിട്ട് സമാജ്‌വാദി പാർടിയിൽ ചേർന്ന ഉമാശങ്കർ ബാഹ്രിയിൽ നാമനിർദേശപത്രിക സമർപ്പിച്ചു. വ്യാഴാഴ്‌ച രാത്രി കോൺഗ്രസ് രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടപ്പോഴാണ് സീറ്റില്ലെന്ന് ഉമാശങ്കർ അറിഞ്ഞത്. ഉടൻ ചൗപാരനിൽനിന്ന് 170 കിലോമീറ്റർ യാത്ര ചെയ്‌ത് വെള്ളി പുലർച്ചെ 4.30യോടെ സമാജ്‌വാദി പാർടിയുടെ നേതാവ് കേശവ്‌യാദവിന്റെ വീട്ടിലെത്തി. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ബാഹ്രിയിലെ എസ്‌പി സ്ഥനാർഥിയായി ഉമാശങ്കറിനെ തീരുമാനിച്ചത്. ഉമാശങ്കറിന്റെ ആരോപണം ശരിയാണെന്ന പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയും രംഗത്തെത്തി. കോൺഗ്രസ് എല്ലാ തെരഞ്ഞെടുപ്പുകളിലും 20 ശതമാനം സീറ്റുകൾ കാശ് വാങ്ങി വിൽക്കാറുണ്ടെന്ന് ഹിമന്ത പറഞ്ഞു. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതി പിന്നിട്ടപ്പോൾ 43 മണ്ഡലങ്ങളിൽ മൊത്തം 804 സ്ഥാനാർഥികൾ പത്രിക നൽകി. Read on deshabhimani.com