കത്വ ബലാത്സം​ഗക്കൊല ; പ്രതികൾക്കായി റാലി സംഘടിപ്പിച്ചയാൾ കോൺഗ്രസ്‌ സ്ഥാനാർഥി



ന്യൂഡൽഹി ജമ്മു കശ്‌മീരിലെ കത്വയിൽ എട്ടുവയസുള്ള മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്‌തുകൊന്ന  പ്രതികളെ പിന്തുണച്ച്‌ മാർച്ച്‌ സംഘടിപ്പിച്ചയാളെ സ്ഥാനാർഥിയാക്കി കോൺഗ്രസ്‌. ബിജെപി മുൻ മന്ത്രി ചൗധരി ലാൽ സിങ്ങിനെയാണ്‌ ബസോഹ്‌ലി മണ്ഡലത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥിയാക്കിയത്‌. രാജ്യത്തെ ഞെട്ടിച്ച കത്വ സംഭവം  2018 ജനുവരിയിലാണ്‌ പുറംലോകമറിഞ്ഞത്‌.  പ്രതികളെ പിന്തുണച്ച്‌ പ്രദേശിക ഹിന്ദുത്വ സംഘടനാ നേതാക്കളുടെ സാന്നിധ്യത്തിൽ ദേശീയ പതാകയുമായി മന്ത്രിയായിരുന്ന ലാൽ സിങ്‌ മാർച്ച്‌ സംഘടിപ്പിക്കുകയായിരുന്നു. മുഖ്യപ്രതികളായ പൂജാരി സഞ്ജി റാം,  പർവേഷ് കുമാർ, ദീപക് ഖജൂരിയ എന്നിവർ നിരപരാധികളാണെന്നും കേസ്‌ ഹിന്ദുക്കൾക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും ഇയാൾ അവകാശപ്പെട്ടു. ഇത്‌ രാജ്യവ്യാപകമായി അപലപിക്കപ്പെട്ടതോടെ സിങ്‌ മന്ത്രിസഭയിൽനിന്ന്‌ രാജിവച്ചു. തൊട്ടടുത്ത വർഷം ബിജെപി വിട്ട്‌ ദോഗ്ര സ്വാഭിമാൻ സംഘടൻ പാർടി രൂപീകരിച്ചു.  ഈ വർഷം മാർച്ചിലാണ്‌  കോൺഗ്രസിൽ തിരിച്ചെത്തിയത്‌. രണ്ടുതവണ ഉധംപുരിൽനിന്നുള്ള കോൺഗ്രസ്‌ എംപിയായിരുന്ന ഇയാൾ 2014ൽ  ടിക്കറ്റ്‌ നിഷേധിക്കപ്പെട്ടതോടെ  ബിജെപിയിലെത്തി. 2014ൽ ബിജെപി സ്ഥാനാർഥിയായി  ബസോഹ്‌ലിയിൽ ജയിച്ചു. ബിജെപി–-പിഡിപി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു. Read on deshabhimani.com

Related News