ഹരിയാനയിൽ തോറ്റ കോൺഗ്രസിന് 50 ശതമാനത്തിൽ അധികം പോസ്റ്റൽ വോട്ടുകൾ, ബിജെപിക്ക് 35 ശതമാനത്തിലും താഴെ



ന്യൂഡൽഹി> ഹരിയാനയിൽ കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോഴും തോറ്റ സീറ്റുകളിലെല്ലാം പോസ്റ്റൽ ബാലറ്റുകളിൽ ബി ജെ പിയെക്കാൾ ബഹുദൂരം മുന്നിൽ. സംസ്ഥാനത്ത് പോൾ ചെയ്ത പോസ്റ്റൽ ബാലറ്റുകളിൽ നിന്നായി 51.1 ശതമാനം വോട്ട് വിഹിതം കോൺഗ്രസിന് അനുകൂലമായപ്പോൾ ബി ജെ പിക്ക് ലഭിച്ചത് 34.89 ശതമാനം മാത്രമാണ്. വോട്ടിങ് യന്ത്രങ്ങളിൽ ക്രിത്രിമം നടന്നതായുള്ള ആരോപണങ്ങൾക്കിടയിലാണ് പോസ്റ്റൽ വോട്ട് വിഹിതം സംബന്ധിച്ച കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞടുപ്പ് നടന്ന 90 സീറ്റുകളിൽ 74 എണ്ണത്തിലും പോസ്റ്റൽ ബാലറ്റുകളിൽ കോൺഗ്രസാണ് മുന്നിൽ. മൊത്തം രേഖപ്പെടുത്തിയ വോട്ടുകളുടെ 0.57 വിഹിതം മാത്രമാണ് ഇതെങ്കിലും വ്യത്യാസം വോട്ടിങ് സാമ്പിളിനെ കാണിക്കുന്നതാണ് എന്ന വാദമാണ് ആരോപണത്തിന് അടിസ്ഥാനം. കോൺഗ്രസ് നേർക്കുനേർ പോരാടി തോറ്റ 34 സീറ്റിലും അവർക്കാണ് പോസ്റ്റൽ വോട്ടിൽ മുൻതൂക്കം. സംസ്ഥാനത്ത് മൊത്തം രേഖപ്പെടുത്തിയ വോട്ടുകളുടെ വിഹിതത്തിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ വളരെ നേരിയ വ്യത്യാസം മാത്രമാണുള്ളത്. ബിജെപി 39.94 ശതമാനം വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് 39.09 ശതമാനം വോട്ടുകൾ നേടിയിട്ടുണ്ട്. 90 സീറ്റുകളിലെയും മൊത്തം ജനഹിതത്തിലെ വ്യത്യാസം ഇതാണ്. ബിജെപി 48 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് കോൺഗ്രസ് 37 സീറ്റുകളും. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും അഞ്ച് സീറ്റുകളാണ് നേടിയത്. അന്നും പോസ്റ്റൽ വോട്ടുകളിൽ മുന്നിൽ കോൺഗ്രസായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ പിന്തുണ വർധിച്ചു. പോളിങ് ഉദ്യോഗസ്ഥർ, സേനയിലും അർധസൈനിക വിഭാഗങ്ങളിലും ജോലി ചെയ്യുന്നവർ, സർക്കാർ ഉദ്യോഗസ്ഥർ, അഗ്നിരക്ഷാ സേനയിലും ആംബുലൻസ് സർവ്വീസ് തുടങ്ങി മേഖലകളിൽ ജോലി ചെയ്യുന്നവരുമായ അഭ്യസ്ത വിദ്യരായവരാണ് അധികവും പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ പോസ്റ്റൽ വോട്ടിൽ ക്രിത്രിമം നടത്താൻ എളുപ്പമല്ല എന്നാണ് വിലയിരുത്തൽ. എന്നാൽ ഇവിഎമ്മുകളിലേക്കാൾ ക്രിത്രിമ സാധ്യത പോസ്റ്റൽ വോട്ടുകളിലാണ് എന്ന് വാദിക്കുന്നവരുമുണ്ട്. അപ്പോഴും ഈ അന്തരത്തിന് ഉത്തരമില്ല.  പോസ്റ്റൽ വോട്ടുകളുടെ അടിസ്ഥാനത്തിൽ ഹരിയാനയിൽ മൂന്നു സീറ്റുകളിൽ കോൺഗ്രസ് ജയിച്ചിട്ടുമുണ്ട്. 80,105 പോസ്റ്റൽ വോട്ടുകളാണ് സംസ്ഥാനത്ത് ആകെ രേഖപ്പെടുത്തപ്പെട്ടത്. ഇതിൽ 41,417 വോട്ടുകൾ കോൺഗ്രസിന് ലഭിച്ചു. 27,952 വോട്ടുകൾ മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാന നിയമസഭാ തെരഞ്ഞടുപ്പുകളിൽ പോസ്റ്റൽ ബാലറ്റിലെ മുൻതൂക്കം ഭരണത്തിലെത്തിയ കക്ഷികൾക്ക് അനുകൂലമായിരുന്നു എന്നും വാദിക്കുന്നു. Read on deshabhimani.com

Related News