സാമന്ത- നാഗചൈതന്യ വിവാഹമോചന പരാമർശം; മന്ത്രി കൊണ്ട സുരേഖയ്ക്ക് നോട്ടീസ്



ഹൈദരാബാദ് > അഭിനേതാക്കളായ സാമന്തയുടെയും നാ​ഗചൈതന്യയുടെയും വിവാഹമോചനത്തെപ്പറ്റി വിവാദ പരാമർശങ്ങൾ നടത്തിയ തെലങ്കാന മന്ത്രി കൊണ്ട സുരേഖയ്ക്ക് കോടതി നോട്ടീസ്. ഒക്ടോബർ 23നകം മറുപടി നൽകാനാണ് മന്ത്രിയോട് നിർദേശിച്ചിരിക്കുന്നത്. മന്ത്രിക്കെതിരെ നാ​ഗ ചൈതന്യയുടെ പിതാവ് നാ​ഗാർജുന നൽകിയ അപകീർത്തിക്കേസിലാണ് നടപടി. ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 356 പ്രകാരം നാമ്പള്ളി കോടതിയിൽ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിനെ തുടർന്നാണ് കോടതി നോട്ടീസ്. സാമന്തയുടെയും നാ​ഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം ബിആർഎസ് നേതാവ് കെ ടി രാമറാവുവാണെന്ന വിവാദ പ്രസ്താവനയാണ് തെലങ്കാന മന്ത്രി നടത്തിയത്. നടിമാരുടെ ഫോൺ സംഭാഷണങ്ങൾ കെടിആർ ചോർത്തിയെന്നും അത് ഉപയോ​ഗിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്തെന്നും കൊണ്ട സുരേഖ പറഞ്ഞു. ബിആർഎസ് സംസ്ഥാനത്തെ മറ്റ് വനിതാ നേതാക്കളെയും ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. പ്രസ്താവനയ്ക്കെതിരെ സാമന്തയും നാ​ഗചൈതന്യയുടെ കുടുംബവും രം​ഗത്തെത്തിയിരുന്നു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത പ്രസ്താവനയ്ക്കെതിരെ രം​ഗത്തെത്തിയത്. തന്റെ ജീവിതയാത്രയെ നിസാരവൽക്കരിക്കരുതെന്നും വിവാഹമോചനം തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും സാമന്ത കുറിച്ചു. വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെ എടുത്തതാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല. രാഷ്ട്രീയ പോരിനായി തന്റെ പേര് ദയവായി ഉപയോഗിക്കരുതെന്നും സാമന്ത കുറിച്ചു. എതിരാളികൾക്കെതിരെ പറയാനായി സിനിമാതാരങ്ങളുടെ ജീവിതത്തെ ഉപയോ​ഗിക്കരുതെന്നും ആളുകളുടെ സ്വകാര്യതയെ മാനിക്കണമെന്നും നടൻ നാ​ഗാർജുന എക്സിൽ കുറിച്ചിരുന്നു. തുടർന്നാണ് പരാതി നൽകിയത്. മറ്റ് നിരവധി സിനിമാ താരങ്ങളും മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.  മഹേഷ് ബാബു, ചിരഞ്ജീവി, അല്ലു അർജുൻ, ജൂനിയർ എൻടിആർ, നാനി തുടങ്ങിയവർ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. Read on deshabhimani.com

Related News