എൻഡിഎ സഖ്യം താഴെ വീഴാതിരിക്കാനുള്ള ബജറ്റ്: യെച്ചൂരി



ന്യൂഡൽഹി > മൂന്നാം മോദി സർക്കാരിന്റേത് അങ്ങേയറ്റം നിരാശാ ജനകമായ ബജറ്റെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ഒരു പ്രയോജനവുമില്ലാത്ത വാ​ഗ്ദാനങ്ങൾ മാത്രമായി ബജറ്റ് ഒതുങ്ങി. ധനകമ്മി കുറയ്ക്കുന്നതിനായി ഒരു ഇടപെടലും നടത്തിയിട്ടില്ല. വിലക്കയറ്റം പിടിച്ചു നിർത്താനുള്ള ശ്രമങ്ങളില്ല. മധ്യവർ​ഗത്തിന്റെ ജീവിതം കൂടുതൽ ദുഷ്കരമാക്കുന്നതാണ് ഈ ബജറ്റ്. കേന്ദ്ര സർക്കാരിനെ താഴെ വീഴാതെ പിടിച്ചു നിർത്താനുള്ള ശ്രമം മാത്രമാണ് ബജറ്റ്. നിലവിൽ കേന്ദ്രം ഭരിക്കുന്നത് ബിജെപി അല്ല, എൻഡിഎ സഖ്യം ആണ്. സഖ്യത്തെ നിലനിർത്താൻ ആന്ധ്രക്കും ബിഹാറിനും വാരിക്കോരി കൊടുത്തേ മതിയാകൂ. സ്ത്രീകൾക്കായുള്ള പ്രഖ്യാപനങ്ങളൊക്കെ എല്ലാ ബജറ്റിലും ഉള്ളതു തന്നെ. എന്നാൽ അതൊന്നും വർധിപ്പിക്കുന്നുമില്ല, കൃത്യമായി നടപ്പാക്കുന്നുമില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ അങ്ങേയറ്റം തഴഞ്ഞുകൊണ്ടുള്ള ബജറ്റാണിത്. മണിപ്പൂരിന്റെ അവസ്ഥ രാജ്യം കാണുന്നതാണ്. അക്ഷരാർത്ഥത്തിൽ ആ സംസ്ഥാനം കത്തുകയാണ്. എന്നാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി ബജറ്റിൽ വർദ്ധിപ്പിച്ചിരിക്കുന്നത് എട്ട് കോടി രൂപ മാത്രമാണ്. രാജ്യത്തുടനീളം പല നിർമാണങ്ങളും വികസനങ്ങളും കൊണ്ടുവരുമെന്ന് പറയുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പണിത എത്ര ഫ്ലൈ ഓവറുകളും റോഡുകളും ഇതിനകം തകർന്നു വീണു. ഇതാണ് മോദി സർക്കാരിന്റെ വികസനമെന്നും സിതാറാം യെച്ചൂരി പറഞ്ഞു. Read on deshabhimani.com

Related News