ഐജാസ് അഹമ്മദ് തലമുറകളെ ആവേശം കൊള്ളിച്ച മാർക്‌സിസ്‌റ്റ് സൈദ്ധാന്തികൻ: സിപിഐ എം
ന്യൂഡൽഹി > അത്യുന്നതനായ സൈദ്ധാന്തികനും ബുദ്ധിജീവിയും സഖാവുമായ ഐജാസ് അഹമ്മദിന്റെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം അറിയിച്ചു. അദ്ദേഹം എന്നും സിപിഐ എമ്മിനൊപ്പം പ്രവർത്തിച്ചിരുന്നു. ഇന്ത്യയിൽ ഏതുഭാഗത്തും പാർട്ടി വേദികളിലും സെമിനാറുകളിലും യോഗങ്ങളിലും പങ്കെടുക്കാൻ അദ്ദേഹം സമയം കണ്ടെത്തി. സൈദ്ധാന്തികൻ എന്ന നിലയിൽ ഏറെ ആദരവ് നേടിയിരുന്ന അദ്ദേഹം മാർക്‌സിസത്തെ പിന്തുണച്ച് എഴുതിയത് പലതും വരും തലമുറകളെ കൂടി ആവേശം കൊള്ളിക്കുന്ന ക്ലാസിക്കുകളാണ്. വിസ നിയന്ത്രണങ്ങളെ തുടർന്ന് രാജ്യം വിടേണ്ടി വന്ന അദ്ദേഹം രോഗബാധിതനുമായി. ഇന്ത്യയിൽ തിരിച്ചെത്താൻ ഏറെ ആഗ്രഹിച്ചിരുന്നു. സാധിച്ചില്ല എന്നത് ദുഖഃകരമായി. ലോകത്താകെ സേഷ്യലിസത്തിനായി പൊരുതുന്നവർക്ക് തീരാനഷ്‌ടമാണ് അദ്ദേഹത്തിന്റെ വേർപാട്. സിപിഐ എം പ്രസിദ്ധീകരണമായ മാർക്‌സിസ്റ്റിലും ലെഫ്‌റ്റ് വേഡ് ബുക്ക്‌സിനുവേണ്ടിയും അദ്ദേഹം തുടർച്ചയായി എഴുതിയിരുന്നു. ഹിന്ദുത്വ വർഗീയതയെയും ഫാസിസത്തെയും മതനിരപേക്ഷതയെയും ഇന്ത്യയിലെയും ലോകത്തെയും ഇടതുപക്ഷ സാധ്യതകളെയും ആഗോളവൽക്കരണത്തെയും പറ്റി അദ്ദേഹം എഴുതിയതെല്ലാം ആശയസമരത്തിൽ വരുംതലമുറകൾക്കും വഴികാട്ടിയാകും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പാർട്ടി പങ്കുചേരുന്നു സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com