ലോക‌്സഭ തെരഞ്ഞെടുപ്പ‌് ഫലം; തിരുത്തൽ നടപടികൾ ഉണ്ടാകും: സീതാറാം യെച്ചൂരി
ന്യൂഡൽഹി> ലോക‌്സഭ തെരഞ്ഞെടുപ്പ‌് ഫലം വിശദമായി വിലയിരുത്തിയശേഷം ജനകീയപ്രക്ഷോഭങ്ങളിലൂടെ സിപിഐ എമ്മിന്റെ സ്വന്തം കരുത്തും രാഷ്ട്രീയഇടപെടൽ ശേഷിയും ശക്തിപ്പെടുത്താനുള്ള തിരുത്തൽ നടപടികൾ പാർടി കേന്ദ്രകമ്മിറ്റി സ്വീകരിക്കുമെന്ന‌് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാർടിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ടിന്റെ കാര്യത്തിൽ വൻചോർച്ച സംഭവിച്ചു. ബംഗാളിലും ത്രിപുരയിലും ഒരുപരിധിയോളം കേരളത്തിലും ഇതു സംഭവിച്ചു. ഇതിലേയ‌്ക്ക‌് നയിച്ച കാരണങ്ങളിൽ ചിലത‌് രണ്ട‌് ദിവസമായി ചേർന്ന പൊളിറ്റ‌്ബ്യൂറോ യോഗം ചർച്ചചെയ‌്തുവെന്ന‌് സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർടി കേന്ദ്രകമ്മിറ്റി യോഗം ജൂൺ ഏഴ‌് മുതൽ ഒമ്പതു വരെ ചേരുന്നതിനു മുന്നോടിയായി സംസ്ഥാനകമ്മിറ്റികൾ യോഗം ചേർന്ന‌് തെരഞ്ഞെടുപ്പുഫലം ഗൗരവതരമായ സ്വയംവിമർശനബുദ്ധിയോടെ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനഘടകങ്ങൾ നൽകുന്ന റിപ്പോർട്ട‌് കേന്ദ്രകമ്മിറ്റി ചർച്ചചെയ്യുകയും ശരിയായ പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യും. ആവശ്യമായ തിരുത്തൽ നടപടികൾ കേന്ദ്രകമ്മിറ്റി സ്വീകരിക്കുകയും ചെയ്യും. ശബരിമല വിഷയം പരിശോധിക്കുമോ എന്ന ചോദ്യത്തോട‌് എല്ലാ കാര്യങ്ങളും പാർടിയിൽ ചർച്ചചെയ്യുമെന്ന‌് അദ്ദേഹം പ്രതികരിച്ചു. പതിനേഴാം ലോക‌്സഭയിലേക്ക‌് സിപിഐ എം ജനപ്രതിനിധികളെ തെരഞ്ഞെടുത്ത തമിഴ‌്നാട്ടിലെയും കേരളത്തിലെയും വോട്ടർമാരെ കേന്ദ്രകമ്മിറ്റി അഭിവാദ്യം ചെയ‌്തു. വൻതോതിലുള്ള ഭീകരതയുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ‌് ബംഗാളിലും ത്രിപുരയിലും തെരഞ്ഞെടുപ്പ‌് നടന്നത‌്. സിപിഐ എം പ്രവർത്തകരെ ഒട്ടേറെ പ്രദേശങ്ങളിൽ വോട്ട‌് ചെയ്യാൻപോലും അനുവദിച്ചില്ല. സ്വതന്ത്രവും നീതിപൂർവവുമായ വോട്ടെടുപ്പ‌് ഉറപ്പാക്കണമെന്ന‌് ആവശ്യപ്പെട്ട‌് തെരഞ്ഞെടുപ്പ‌് കമീഷനു പലതവണ നിവേദനം നൽകിയിട്ടും പ്രയോജനമുണ്ടായില്ല. തെരഞ്ഞെടുപ്പിനിടെ ബംഗാളിൽ രണ്ടും ത്രിപുരയിൽ ഒന്നും വീതം ഇടതുമുന്നണി പ്രവർത്തകർ കൊല്ലപ്പെട്ടു. ത്രിപുരയിലെ ഒരു മണ്ഡലത്തിലെ 85 ശതമാനം ബൂത്തുകളിലും വോട്ടെടുപ്പ‌് അട്ടിമറിച്ചു. 10 ശതമാനം ബൂത്തുകളിൽ മാത്രമാണ‌് റീപോളിങ‌് നടത്തിയത‌്. അവിടങ്ങളിൽ പോലും മതിയായ സുരക്ഷ ഉറപ്പാക്കിയില്ല. തമിഴ‌്നാടും ആന്ധ്രപ്രദേശും പോലുള്ള ചില സംസ്ഥാനങ്ങൾ ഒഴിച്ച‌് മറ്റെല്ലായിടത്തും ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനു ശക്തമായ തിരിച്ചടിയാണ‌് നേരിട്ടത‌്–-സീതാറാം യെച്ചൂരി പറഞ്ഞു. Read on deshabhimani.com