യുപിയിൽ 48 ക്രിമിനൽ കേസുകളിലെ പ്രതി വെടിയേറ്റ് മരിച്ചു
ബുലന്ദ്ഷഹർ> ഉത്തർപ്രദേശിൽ 48 ക്രിമിനൽ കേസുകളിലെ പ്രതിയായ വ്യക്തി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വിവിധ കേസുകളിൽ പൊലീസ് തിരയുന്ന രാജേഷ് എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇയാളെ പിടികൂടുന്നവർക്ക് 1.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംശയാസ്പദമായ രീതിയിൽ കണ്ട രണ്ടുപ്രതികളെ സർക്കിൾ ഓഫീസർ അനുപ്‌ഷഹർ, സ്റ്റേഷൻ ഇൻചാർജ് അഹാർ എന്നിവർ പിന്തുടരുന്നതിനിടെയായിരുന്നു സംഭവം. പൊലീസിനെ കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നെന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റതായും മറ്റെയാൾ ഓടി രക്ഷപ്പെട്ടുതായും പൊലീസ് പറഞ്ഞു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരിച്ചു. മരിച്ചയാൾ രാജേഷാണെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബുലന്ദ്ഷഹർ, അലിഗഢ് എന്നിവിടങ്ങളിലായി കൊലപാതകശ്രമം, ശാരീരിക ഉപദ്രവം എന്നിവയുൾപ്പടെ 48 കേസുകളാണ് രാജേഷിന്റെ പേരിലുള്ളത്. Read on deshabhimani.com