ബംഗാൾ ഉൾക്കടലിൽ ഫെംഗൽ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ മഴ
ചെന്നൈ > തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം വെള്ളിയാഴ്ച ഉച്ചയോടെ ഫെംഗൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയോടെ കരയിൽ പതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ആർഎംസി) അറിയിച്ചു. കാരയ്ക്കലിനും മഹാപുരത്തിനും ഇടയിൽ കരതൊടുമെന്നാണ് വിവരം. നവംബര്‍ 30, ഡിസംബര്‍ 1 തീയതികളില്‍ കേരളം, മാഹി, ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഡിസംബർ 1 വരെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും തീരദേശ ജില്ലകളിൽ വ്യാപകമായ മഴയ്ക്ക് കാരണമാകും. ചുഴലിക്കാറ്റിന് സൗദി അറേബ്യ നൽകിയ പേര് ഫെംഗൽ എന്നാണ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഫെംഗൽ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ആർഎംസി) അറിയിച്ചു. ചുഴലിക്കാറ്റുള്ളതിനാല്‍ നവംബര്‍ 30 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് തമിഴ്‌നാട് സർക്കാർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇന്ത്യന്‍ നാവികസേന ഫെംഗല്‍ ചുഴലിക്കാറ്റിന്റെ ആഘാതം നേരിടാന്‍ ദുരന്ത പ്രതികരണ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. Read on deshabhimani.com