അയോധ്യാകേസ്‌ ; പരിഹാരത്തിനായി ദൈവത്തോട്‌ പ്രാർഥിച്ചെന്ന് 
ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്



ന്യൂഡൽഹി അയോധ്യ കേസിൽ പരിഹാരമുണ്ടാക്കാൻ ദൈവത്തോട്‌ പ്രാർഥിച്ചതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. "മൂന്ന് മാസത്തോളം പരിഗണനയിലുണ്ടായിരുന്ന കേസിൽ  തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല. അപൂർവമായി മാത്രമുണ്ടാകുന്ന സാഹചര്യം. വിഗ്രഹത്തിന് മുന്നിൽ ഇരുന്നു; തീർപ്പാക്കി തരേണമേ എന്നപേക്ഷിച്ചു'–ജൻമദേശമായ  പുണെ ജില്ലയിൽ കൻഹെർസർ ഗ്രാമത്തിലെ അനുമോദനച്ചടങ്ങിലായിരുന്നു -ചീഫ്‌ ജസ്റ്റിസിന്റെ പരാമര്‍ശം. സംഘപരിവാറുകാർ തകർത്ത ബാബ്‌റി മസ്‌ജിദ്‌ നിന്ന സ്ഥലത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള കേസില്‍ 2019 നവംബർ ഒമ്പതിന്‌ വിധിപറഞ്ഞ ഭരണഘടനാബെഞ്ചിൽ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡും അംഗമായിരുന്നു. 
     അയോധ്യയിലെ 2.77 ഏക്കറില്‍ രാമക്ഷേത്രം നിർമിക്കാൻ ട്രസ്റ്റിന്‌ കൈമാറണമെന്നും പകരം മസ്‌ജിദ്‌ നിർമിക്കാൻ യുപി സുന്നി വഖഫ്‌ ബോർഡിന്‌ മറ്റൊരിടത്ത്‌ അഞ്ചേക്കർ സ്ഥലം അനുവദിക്കണമെന്നുമായിരുന്നു ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗൊയ്‌ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്‌. വിരമിച്ച ശേഷം മോദിസർക്കാർ ഗൊഗോയിയെ രാജ്യസഭയിലേക്ക്‌ നാമനിർദേശംചെയ്‌തു. ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ്‌ അബ്‌ദുൾ നസീർ ആന്ധ്രാപ്രദേശ്‌ ഗവർണറായി. മറ്റൊരംഗം ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ ദേശീയ കമ്പനി നിയമ അപ്പലേറ്റ്‌ ട്രൈബ്യൂണൽ ചെയർമാനായി. ചീഫ്‌ ജസ്റ്റിസ്‌ ചന്ദ്രചൂഡ്‌ ജൂലൈയിൽ അയോധ്യ ക്ഷേത്രം സന്ദർശിച്ചു.  ചീഫ്‌ ജസ്റ്റിസിന്റെ വസതിയിലെ ഗണപതിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്‌ വലിയ വിവാദമായിരുന്നു. നവംബർ 10ന്‌ ചന്ദ്രചൂഡ്‌ വിരമിക്കും.   Read on deshabhimani.com

Related News