ദളിത് വിദ്യാർഥിക്ക്‌ ഐഐടി പ്രവേശനത്തിന് വഴിയൊരുക്കി സുപ്രീംകോടതി



ന്യൂഡൽഹി ഫീസ് അടയ്ക്കാൻ താമസിച്ചതുകൊണ്ട് ഐഐടി പ്രവേശനം നിഷേധിക്കപ്പെട്ട ദളിത് വിദ്യാർഥിക്ക് സഹായ ഹസ്‌തവുമായി സുപ്രീംകോടതി. അവസാന തീയതിക്ക് മുമ്പ് 17,500 രൂപ ഫീസ് അടയ്ക്കാൻ പറ്റാത്തതിനെ തുടർന്ന് ഐഐടി ധൻബാദിൽ പ്രവേശനം നിഷേധിക്കപ്പെട്ട ഉത്തർപ്രദേശ്‌ മുസഫർ നഗർ സ്വദേശി അതുൽ കുമാറിന് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. "ഇത്രയും പ്രതിഭയുള്ള ഒരു വിദ്യാർഥിയുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കാൻ കഴിയില്ല. പ്രവേശനത്തിനായി കുട്ടിയും പിതാവും പല സ്ഥലങ്ങളിൽ ഓടി നടന്നു. വളരെ ബുദ്ധിമുട്ടിയാണ് അവർ ഫീസിനുള്ള തുക ഒപ്പിച്ചത്. അപ്പോൾ, ഫീസ് അടയ്ക്കാനുള്ള സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിക്കുന്നത് ശരിയല്ല. ഫീസ് അടച്ചിരുന്നെങ്കിൽ ഏത് ബാച്ചിൽ പ്രവേശനം അനുവദിക്കുമായിരുന്നോ അതേ ബാച്ചിൽ ഈ കുട്ടിക്ക് പ്രവേശനം നൽകണം’ –- ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഭരണഘടനയുടെ 142–-ാം അനുഛേദം നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഉത്തരവ്‌. ബി ടെക്‌ ഇലക്‌ട്രിക്കൽ എൻജിനിയറിങ് കോഴ്സിനാണ്‌ പ്രവേശനം. എസ്‌സി/ എസ്‌ടി കമീഷൻ, ജാർഖണ്ഡ്, മദ്രാസ് ഹൈക്കോടതികൾ എന്നിവ അതുലിനെ കൈവിട്ടിരുന്നു.  അതുൽ കുമാറിന്റെ പിതാവ് തൊഴിലാളിയാണ്. ദിവസവും 450 രൂപയാണ് വേതനം. ഫീസ് അടയ്ക്കേണ്ട അവസാന ദിനമായ ജൂൺ 24ന് വൈകിട്ട് അഞ്ചിനുമുമ്പ്‌ ഗ്രാമീണരിൽനിന്നും പിരിവെടുത്ത്‌ പണം കണ്ടെത്തിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം അടയ്‌ക്കാനായില്ലെന്ന്‌ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രവേശനത്തിന് വഴിയൊരുക്കിയ സുപ്രീംകോടതി വിദ്യാർഥിക്ക് എല്ലാ നൻമകളും ആശംസിച്ചു. കോടതിയിൽ ഹാജരായിരുന്ന അതുൽ കുമാർ കൈകൂപ്പി നന്ദി അറിയിച്ചു. Read on deshabhimani.com

Related News