ദാന ചുഴലിക്കാറ്റ് ദുർബലമായി ; ഒഡിഷയിലും ബംഗാളിലും കനത്ത മഴ
ന്യൂഡൽഹി വ്യാഴാഴ്‌ച അർധരാത്രിക്കുശേഷം ബംഗാൾ ഉൾക്കടലിൽനിന്ന് ഒഡിഷ തീരത്തേക്ക് കടന്ന ദാന ചുഴലിക്കാറ്റ് വെള്ളിയാഴ്‌ച ഉച്ചയോടെ ദുർബലപ്പെട്ടു. ഭിട്ടർകനിക ദേശീയോദ്യാനത്തിനും ദാമ്രയ്‌ക്കുമിടയിലാണ് ദാന കരയിലേക്ക് കടന്നത്. മണിക്കൂറിൽ 100–-110 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിന്റെ ശക്തിയിൽ ഒഡിഷയിൽ പലയിടത്തും മരങ്ങൾ കടപുഴകുകയും വൈദ്യുതി കമ്പികൾ പൊട്ടിവീഴുകയും ചെയ്‌തു. ഒഡിഷ, പശ്‌ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ പെയ്‌തു. പശ്‌ചിമ ബംഗാളിൽ കാറ്റിനെ അവഗണിച്ച് കേബിൾ ജോലിയിൽ ഏർപ്പെട്ട ഒരാൾ മരിച്ചു. റദ്ദാക്കിയ മുന്നൂറോളം ട്രെയിനുകൾ ഒഴികെ മറ്റ് സർവീസുകളെല്ലം സാധാരണ നിലയിൽ തുടരുന്നതായി റെയിൽവേ അറിയിച്ചു. വ്യാഴാഴ്‌ച വൈകിട്ട് അടച്ച ഭുവനേശ്വർ വിമാനത്താവളത്തിലും കൊൽക്കത്ത വിമാനത്താവളത്തിലും വെള്ളിയാഴ്‌ച രാവിലെ എട്ടുമുതൽ സർവീസ് പുനഃരാരംഭിച്ചു. ഒഡിഷയിൽ ആറുലക്ഷത്തോളം പേരെയും ബംഗാളിൽ മൂന്ന് ലക്ഷത്തോളം പേരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കൊൽക്കത്തയിൽ പലയിടത്തും റോഡുകൾ വെള്ളത്തിൽ മുങ്ങി. വെള്ളി പകൽ 11.30 വരെ നൂറ് മില്ലി മീറ്ററിലേറെ മഴയാണ് കൊൽക്കത്തയിൽ പെയ്‌തത്. അഞ്ച് മണിക്കൂറെടുത്താണ് ചുഴലിക്കാറ്റ് പൂർണമായി കരയിൽ പ്രവേശിച്ചത്. തുടർന്ന് ഒഡിഷയുടെ വടക്ക്–- വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങിയ കാറ്റ് മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലേക്ക് ദുർബലപ്പെട്ടു. Read on deshabhimani.com