ദാന ചുഴലിക്കാറ്റ്: കൊൽക്കത്ത വിമാനത്താവളം അടച്ചിടും; ജനങ്ങൾക്ക് ജാഗ്രത നിർദേശം



കൊൽക്കത്ത > ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്ത വിമാനത്താവളം അടച്ചിടും. നാളെ വൈകിട്ട് ആറ് മുതൽ 15 മണിക്കൂർ നേരമായിരിക്കും അടച്ചിടുകയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ, എയർലൈൻ ജീവനക്കാർ തുടങ്ങി എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ജാ​ഗ്രത നിർദേശവും നൽകിയിട്ടുണ്ട്. വെള്ളിയാഴ്‌ച അതിരാവിലെ ഒഡിഷയിലെ ഭിട്ടർകനിക ദേശീയോദ്യാനത്തിനും ധമ്ര തുറമുഖത്തിനും ഇടയിൽ ദാന കരതൊടുമെന്നാണ് മുന്നറിയിപ്പ്. 14 ജില്ലകളിലായുള്ള പത്തുലക്ഷം പേരെ ഇതിനകം ഒഴിപ്പിച്ചു. ആറായിരം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മണിക്കൂറിൽ 120 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് കര തൊടുമെന്നാണ് പ്രവചനം. ഒഡിഷയിലെ പല ജില്ലകളിലും വെള്ളപ്പൊക്കസാധ്യതയുണ്ട്.   Read on deshabhimani.com

Related News