ഡൽഹിയിൽ കൃത്രിമമഴ പെയ്യിക്കണമെന്ന്‌ സംസ്ഥാനം ; വായു നിലവാര സൂചിക 1000 ആയി

ഫോട്ടോ പി വി സുജിത്


ന്യൂഡൽഹി വായു വിഷമയമായ ഡൽഹിയിൽ നിയന്ത്രണങ്ങൾകൊണ്ട്‌ സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ ശ്രമം. അനുമതി തേടി ഡൽഹി സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്‌ കത്തെഴുതി. പുക മഞ്ഞ്‌ ഒഴിവാക്കാൻ കൃത്രിമ മഴ മാത്രമാണ്‌ മാർഗമെന്ന്‌ സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായ്‌ കത്തില്‍ ചൂണ്ടിക്കാട്ടി.  ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും കേന്ദ്രം നടപടി എടുക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ ഇടപെടണമെന്നും ഗോപാൽ റായ്‌ മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരേന്ത്യയിൽ ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്‌(സിപിസിബി) രേഖ പ്രകാരം ഇന്ത്യാ ഗേറ്റ്‌, ആർ കെ പുരം, മന്ദിർ മാർഗ്‌, ദ്വാരക സെക്ടർ എട്ട്‌ തുടങ്ങിയ മേഖലകളിൽ വായു നിലവാര സൂചിക 1000 ആയി. രാജ്യതലസ്ഥാനത്തെ ശരാശരി വായു ഗുണനിലവാര സൂചിക 500 കടന്നു. അതേസമയം, രാജ്യാന്തര വായു ഗുണനിലവാര ആപ്പ്‌ ‘ ഐക്യുഎയർ’ ഡൽഹിയിൽ രേഖപ്പെടുത്തിയ സൂചിക 1,600 ആണ്‌. സൂചിക 500 കടന്നാൽ സ്ഥിതി അപായകരമാണ്‌. കഫക്കെട്ട്‌, ശ്വാസതടസ്സം എന്നിവ ബാധിച്ച്‌ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഡൽഹി സർവകലാശാലയും ജെഎൻയുവും ഓൺലൈൻ ക്ലാസുകളിലേയ്‌ക്ക്‌ മാറി.   Read on deshabhimani.com

Related News