ഡൽഹി വായുമലിനീകരണം ; കേന്ദ്രസർക്കാരിന് രൂക്ഷവിമർശം
ന്യൂഡൽഹി ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതോടെ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ പല്ലുകൾ നഷ്ടപ്പെട്ടതായി കോടതി വിമർശിച്ചു. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾക്ക് നിർദേശം നൽകുന്ന 15–-ാം വകുപ്പ് കേന്ദ്രസർക്കാർ 2023ൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ നിർവീര്യമായെന്ന് ജസ്‌റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ മൂന്നംഗബെഞ്ച് ചൂണ്ടിക്കാട്ടി. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ പൂർണപരാജയമാണെന്ന് കോടതി കുറ്റപ്പെടുത്തി. ഡൽഹിയിലെ പല മേഖലകളിലെയും വായുനിലവാരം ‘തീരെ മോശം’ വിഭാഗത്തിലേക്ക് മാറിയ അവസരത്തിലാണ് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്കെതിരെ രൂക്ഷവിമർശവുമായി രംഗത്തെത്തിയത്. Read on deshabhimani.com