ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; പടക്കനിരോധനത്തിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി > ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു. വായുഗുണനിലവാരസൂചിക ‘ഗുരുതരം’ എന്ന നിലവാരത്തിലേക്കെത്തി. പല മേഖലകളിലെയും വായുനിലവാരം 400 കടന്നു. 301 മുതൽ 400 വരെയുള്ള വായുനിലവാരം വളരെ മോശവും 401 മുതൽ 450 വരെയുള്ള വായുനിലവാരം ‘ഗുരുതര’വുമായിട്ടാണ് കണക്കാക്കുന്നത്. വായുനിലവാരം ഇത്രയും വഷളായത് വലിയ അപകടസൂചനയാണ് നൽകുന്നതെന്ന് വിദഗ്‌ധർ പറഞ്ഞു. മലിനീകരണത്തെത്തുടർന്ന് ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾക്ക് പടക്ക നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പകട്ടനിരോധനം പേരിന് മാത്രമായിരുന്നെന്ന് സുപ്രീംകോടതി വിമർശിച്ചു. ‘ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായുമലിനീകരണം അതിരൂക്ഷമാണ്. പടക്കങ്ങൾ പൊട്ടിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പേരിന് മാത്രമായിരുന്നെന്നതിന്റെ തെളിവാണിത് - ജസ്‌റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് ഡൽഹി സർക്കാരിനോട് ചോദിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ ഡൽഹി സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. പടക്കങ്ങൾക്ക് സ്ഥിരം വിലക്കേർപ്പെടുത്തുന്ന കാര്യം പരിശോധിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. Read on deshabhimani.com