പരിശീലന കേന്ദ്രത്തിലെ ദുരന്തം: ഡൽഹിയിൽ പ്രതിഷേധം തുടരുന്നു
ന്യൂഡൽഹി> സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം ഇരച്ചുകയറി മലയാളി നെവിൻ ഡാൽവിൻ ഉൾപ്പെടെ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടതിൽ ഡൽഹിയിൽ ശക്തമായ പ്രതിഷേധം തുടരുന്നു. കരോൾ ബാഗ്, ഓൾഡ് രാജേന്ദ്ര നഗർ മേഖലകൾ കേന്ദ്രീകരിച്ച് ഉദ്യോഗാർഥികൾ രണ്ടാം നാളിലും പ്രതിഷേധിച്ചു. ലഫ്. ഗവർണർ വി കെ സക്‌സേന ഉദ്യോഗാർഥികളെ സന്ദർശിച്ചു. ബിജെപി നേതൃത്വത്തിൽ ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഓഫീസിനു മുന്നിലും എഎപി പ്രവർത്തകർ ലഫ്. ഗവർണർ സെക്രട്ടറിയറ്റിന് മുന്നിലും പ്രതിഷേധിച്ചു. അതേസമയം, അപകടത്തിൽപ്പെട്ട ഒരു വിദ്യാർഥിയെ കണാനില്ലെന്ന് പരാതിയുണ്ട്. ദുരന്തമുണ്ടായ റാവൂസ് ഐഎഎസ് സ്‌റ്റഡി സർക്കിൾ ഉടമകൾ അടക്കം കേസിൽ അറസ്‌റ്റിലായ അഞ്ച് പേരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. സ്ഥാപനത്തിന്റെ എൻഒസി പിൻവലിക്കാൻ നടപടി ആരംഭിച്ചതായി ഡൽഹി ഫയർഫോഴ്‌സ് അറിയിച്ചു. സ്‌റ്റോർ റൂമിനായി അനുമതി നൽകിയ ബേസ്‌മെന്റിലാണ് ലൈബ്രറി പ്രവർത്തിപ്പിച്ചത്. ഇവിടേയ്‌ക്ക് മഴവെള്ളവും ഓവുചാലിൽനിന്നുള്ള വെള്ളവും ഇരച്ചുകയറിയാണ് ഉദ്യോഗാർഥികൾ അപകടത്തിൽപെട്ടത്. മറുപടി പറയേണ്ടത് അമിത്‌ഷാ: ബ്രിട്ടാസ് ഡൽഹിയിലെ അരാജകത്വത്തിനും ദുരന്തങ്ങൾക്കും മുഖ്യ ഉത്തരവാദികൾ ബിജെപിയും കേന്ദ്രസർക്കാരുമാണെന്ന് ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു. സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലുണ്ടായ ദുരന്തത്തെക്കുറിച്ച് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി വികസന അതോറിറ്റി അടക്കമുളള എല്ലാ ഏജൻസികളും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ്. നൂറുകണക്കിന് പരിശീലന കേന്ദ്രങ്ങളിൽ 67 എണ്ണത്തിന് മാത്രമാണ് എൻഒസി. ഡൽഹിയുടെ യഥാർഥ ‘അധികാരി’ ആഭ്യന്തരമന്ത്രി അമിത്‌ഷായാണ്. അദ്ദേഹമാണ് മറുപടി പറയേണ്ടതെന്നും -ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. Read on deshabhimani.com