ഒറ്റമഴയിൽ മുങ്ങും ; ഡൽഹിയിൽ അശാസ്ത്രീയ നിര്‍മാണവും അനാസ്ഥയും
ന്യൂഡൽഹി സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ ബേസ്‌മെന്റിൽ പെട്ടെന്നുണ്ടായ വെള്ളപ്രവാഹത്തിൽ കുടുങ്ങി മലയാളി ഉൾപ്പെടെ മൂന്ന് വിദ്യാർഥികൾ മരിക്കാനിടയായ ദുരന്തത്തിന് പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരും ഭരണാധികാരികളും ഉത്തരവാദികൾ. പ്രധാന വാണിജ്യകേന്ദ്രമായ കരോൾബാഗിലുണ്ടായ ദുരന്തം രാജ്യതലസ്ഥാനത്തെ ഡ്രെയിനേജ് സംവിധാനത്തിന്റെ ശോച്യാവസ്ഥയും കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കുന്നതിലെ കെടുകാര്യസ്ഥതയും വ്യക്തമാക്കുന്നു. ചെറിയൊരു മഴ പെയ്‌താൽതന്നെ നഗരം വെള്ളക്കെട്ടിലാകും. അടിപ്പാതകൾ മുങ്ങും. ശനിയാഴ്ച കരോൾബാഗ് മേഖലയിൽ അര മണിക്കൂറാണ് കനത്ത മഴ പെയ്‌തത്. എന്നാൽ ആ മഴയിൽതന്നെ രണ്ടടിയോളം മഴവെള്ളവും ഓടകളിലെ മലിനജലവും കയറി. ഗതാഗതം നിലച്ചു. കാലവർഷം മുന്നിൽക്കണ്ട് ഡ്രെയിനേജുകൾ ശുചിയാക്കുന്നതിലെ അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചത്. കരോൾബാഗ്, ഓൾഡ് രാജേന്ദ്രനഗര്‍ മേഖലകൾ കോച്ചിങ് സെന്ററുകളുടെ കേന്ദ്രമാണ്. സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾക്ക് പുറമെ നീറ്റ്, ജെഇഇ, ക്ലാറ്റ്, ക്യാറ്റ് തുടങ്ങി നിരവധി പ്രവേശനപരീക്ഷകളുടെ കോച്ചിങ് സെന്ററുകളുമുണ്ട്. കെട്ടിടനിർമാണ ചട്ടം കാറ്റിൽ പറത്തിയാണ് പല കോച്ചിങ് സെന്ററുകളുടെയും പ്രവർത്തനം. വാണിജ്യാടിസ്ഥാനത്തിൽ ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം സെന്ററുകൾ വിദ്യാർഥികളുടെ സുരക്ഷയ്‌ക്ക് ഒരു പരിഗണനയും നൽകുന്നില്ല. ശനിയാഴ്‌ച ദുരന്തമുണ്ടായ കോച്ചിങ് സെന്ററിൽ ഒരാഴ്‌ച മുമ്പും സമാനമായി മഴവെള്ളം ഇരച്ചുകയറിയിരുന്നു. നിയമപ്രകാരം ബേസ്‌മെന്റുകൾ പാർക്കിങ്ങിനും സാധനങ്ങൾ സൂക്ഷിക്കാനും മാത്രമേ ഉപയോഗിക്കാവൂ. എന്നാൽ ദുരന്തമുണ്ടായ റാവു സ്‌റ്റഡി സെന്ററിന്റെ ലൈബ്രറി പ്രവർത്തിച്ചിരുന്നത് ബേസ്‌മെന്റിലാണ്. സംഭവത്തിൽ, ഡൽഹി സർക്കാർ മജിസ്‌ട്രേറ്റ്‌തല അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് അന്വേഷണത്തിനായി വിവിധ സംഘങ്ങൾക്ക് രൂപം നൽകി. റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ മന്ത്രി അതിഷി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ലെഫ്. ഗവർണറും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഒരാഴ്‌ചമുമ്പ് വിദ്യാർഥി ഷോക്കറ്റ് മരിച്ചു ഡൽഹിയിൽ മഴയത്ത് വെള്ളക്കെട്ടിലൂടെ നടക്കുന്നതിനിടെ താമസസ്ഥലത്തെ ഇരുമ്പുഗേറ്റിൽ പിടിച്ചപ്പോൾ ഷോക്കടിച്ച് ഒരു സിവിൽ സർവീസ് ഉദ്യോഗാർഥി കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് മൂന്ന് വിദ്യാർഥികളുടെ മുങ്ങിമരണം. യുപി സ്വദേശിയായ നിലേഷ് റായിയാണ് കഴിഞ്ഞ തിങ്കളാഴ്‌ച ഷോക്കേറ്റ് മരിച്ചത്. വിദ്യാർഥികൾ മുങ്ങിമരിച്ച ഓൾഡ് രജീന്ദർനഗറിന് സമീപം പട്ടേൽ നഗറിലാണ് അപകടമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്‌ച പെയ്‌ത മഴയിൽ പട്ടേൽനഗറിലെ റോഡുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. നിലേഷ് തെന്നിവീഴാൻ തുടങ്ങിയപ്പോൾ ഇരുമ്പുഗേറ്റിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. നിലേഷിന്റെ മരണത്തിലും ഡൽഹി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. Read on deshabhimani.com