ജോലിക്ക് പകരം ഭൂമി: ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം



ന്യൂഡൽഹി > ജോലിക്ക് പകരം ഭൂമി കോഴയായി വാങ്ങിയെന്ന കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവർക്കും ജാമ്യം. ഒരു ലക്ഷം രൂപ വീതം വ്യക്തിഗത ബോണ്ടിൽ ഡൽഹി റൗസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി വിശാൽ ഗോഗ്‌നെയാണ് ജാമ്യം അനുവദിച്ചത്. കേന്ദ്ര റെയിൽ‌വേ മന്ത്രിയായിരുന്ന സമയത്ത് ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന് ആരോപിച്ചാണ് സിബിഐ കേസെടുത്തത്. 12 പേർക്ക് റെയിൽവേയിൽ ജോലി നൽകുകയും പകരം ഇവരുടെ ഭൂമി നിസാര വിലയ്ക്ക് എഴുതി വാങ്ങി എന്നുമാണ് ആരോപണം. റെയിൽവേയിൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി പരസ്യമോ മറ്റ് വിജ്ഞാപനമോ നൽകിയിട്ടില്ലെന്നും സ്വത്തുക്കൾ ലാലു പ്രസാദിന്റെ ഭാര്യ റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരുടെ പേരിലേക്കാണ് മാറ്റിയതെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് ഇഡിയും അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒക്ടോബർ 25നാണ് കേസിൽ അടുത്ത വാദം കേൾക്കുന്നത്.   Read on deshabhimani.com

Related News