വായു മലിനീകരണം അതിരൂക്ഷം: 2200 ഓളം വാഹനങ്ങൾ കണ്ടുകെട്ടി ഡൽഹി ഗതാഗത വകുപ്പ്



ന്യൂഡൽഹി > ഡൽഹിയിൽ വായുമലീനീകരണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പിടിച്ചെടുത്ത്‌ ഡൽഹി ഗതാഗത വകുപ്പ്. ഒക്‌ടോബർ 1 മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ 2,234 വാഹനങ്ങളാണ്‌ പിടിച്ചെടുത്തത്‌. 10 വർഷത്തിലധികം പഴക്കമുള്ള 260 ഡീസൽ ഫോർ വീലറുകളും 1,156 പെട്രോൾ ഇരുചക്ര വാഹനങ്ങളും 818 പെട്രോൾ ത്രീ, ഫോർ വീലറുകളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ്‌ പിടിച്ചെടുത്തത്. പാരിസ്ഥിതിക നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും വാഹനങ്ങൾ മൂലമുള്ള മലിനീകരണം കുറയ്ക്കുന്നതിനുമുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ഡിസംബർ വരെ തുടരുമെന്നും ഗതാഗതവകുപ്പ്‌ വ്യക്തമാക്കി. ഡൽഹി ഹൈക്കോടതി ഉത്തരവ് പ്രകാരം കാലാവധി കഴിഞ്ഞ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള  മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റികൾക്ക് (ആർവിഎസ്എഫ്) ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെയും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും പ്രവർത്തനം നിരോധിച്ച 2018ലെ സുപ്രീംകോടതി വിധിയെ തുടർന്നാണിത്‌. കൂടാതെ 2014 ലെ ദേശീയ ഹരിത ട്രൈബ്യൂണൽ  ഉത്തരവ് പ്രകാരം 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊതു സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു. ഡൽഹിയിൽ 55 ലക്ഷത്തിലധികം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയതായി ഗതാഗത വകുപ്പ്‌ ഒക്‌ടോബർ 10ൽ പ്രസിദ്ധീകരിച്ച പൊതു അറിയിപ്പിൽ പറയുന്നുണ്ട്‌.   Read on deshabhimani.com

Related News