ലൈംഗികാതിക്രമകേസ്; സുപ്രീം കോടതിയിൽ ജാമ്യഹർജി നൽകി പ്രജ്വൽ രേവണ്ണ
ന്യൂഡൽഹി> ലൈംഗികാതിക്രമകേസിൽ കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച് മുൻ എംപിയും ജനതാദൾ (എസ്) നേതാവുമായ പ്രജ്വൽ രേവണ്ണ. തിങ്കളാഴ്ച രേവണ്ണയുടെ ഹർജി കോടതി പരിഗണിക്കും. ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് പ്രജ്വൽ രേവണ്ണയ്ക്കെതിരെ രേഖാമൂലം പരാതി നൽകിയിരുന്നു. പീഡന ദൃശ്യങ്ങൾ പ്രജ്വൽ ചിത്രീകരിക്കുകയും ഇതുപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും പരാതിയിലുണ്ട്. പ്രജ്വൽ 56 സ്‌ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിലുള്ളത്. ഈ കേസിൽ ഒക്ടോബർ 21ന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. 150ൽ അധികം പേരുടെ മൊഴി കുറ്റപത്രത്തിലുണ്ട്. ഫോറൻസിക് പരിശോധനയിൽ പീഡനദൃശ്യങ്ങൾ യഥാർഥമാണെന്ന് സ്ഥിരീകരിച്ചു. ഹാസനിലെ പ്രജ്വലിന്റെ വീട്ടിൽ ജോലി ചെയ്‌ത രണ്ടുപേരും വനിതാ നേതാവും ഒരു വീട്ടമ്മയുമാണ് പരാതി നൽകിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലും പ്രജ്വൽ പീഡിപ്പിച്ച മറ്റൊരു വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രജ്വലിന്റെ അച്ഛനും എംഎൽഎയുമായ എച്ച് ഡി രേവണ്ണയും പ്രതിയാണ്. Read on deshabhimani.com