ഇന്ത്യയിലെ ഒരു സ്ഥലത്തെയും പാക്കിസ്ഥാൻ എന്ന് വിളിക്കരുത്: സുപ്രീംകോടതി
ന്യൂഡൽഹി > ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള ഒരു സ്ഥലത്തെയും പാക്കിസ്ഥാൻ എന്ന് വിളിക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അത്തരം പരാമർശങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ശ്രീശാനന്ദയുടെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. തുറന്ന കോടതിയിൽ ജസ്റ്റിസ് വി ശ്രീശാനന്ദ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. പശ്ചിമ ബംഗളൂരുവിലെ മുസ്‌ലിം കേന്ദ്രീകൃത പ്രദേശത്തെ പാകിസ്ഥാന്‍ എന്ന് പരാമർശിക്കുന്ന ജസ്റ്റിസ് ശ്രീശാനന്ദയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മറ്റൊരു വീഡിയോയിൽ വനിതാ അഭിഭാഷകയെ ശാസിക്കുന്നതും കാണാം. ഇതിന് പിന്നാലെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. Read on deshabhimani.com