ഡോക്ടറുടെ കൊലപാതകം: ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്



കൊൽക്കത്ത >  ആശുപത്രികളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം വേണമെന്ന് ആവശ്യപ്പെട്ട് ബം​ഗാളിലെ ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. ജോലിസ്ഥലത്തെ സുരക്ഷിതത്വത്തിനായുള്ള ആവശ്യങ്ങൾ നടപ്പിലാക്കാനുള്ള സമീപനം സർക്കാരിൽ നിന്നുണ്ടായില്ലെന്ന്  ആരോപിച്ച് ഡോക്ടർമാർ ഇന്ന് രാവിലെ 10 മുതൽ താൽക്കാലികമായി സേവനം നിർത്തിവച്ചു. ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്‌ടർ ക്രൂരപീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ‌ഡോക്ടർമാർ പ്രതിഷേധിച്ച് സേവനങ്ങൾ നിർത്തിവെച്ചിരുന്നു. ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഭാ​ഗീകമായി അവസാനിപ്പിച്ചത്. എന്നാൽ ചർച്ചയിൽ ഉറപ്പ് നൽകിയ കാര്യങ്ങൾ സർക്കാർ പാലിക്കാതെ വന്നതോടെയാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്ന് ജൂനിയർ ഡോക്ടർമാർ അറിയിച്ചു. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് 42 ദിവസം തുടർന്ന സമരം അവസാനിപ്പിച്ച് സെപ്തംബർ 21നാണ് ഡോക്ടർമാർ ഭാഗികമായി സേവനം പുനരാരംഭിച്ചത്. ആശുപത്രികളിൽ സിസിടിവി സ്ഥാപിക്കുന്നതിനും ശൗചാലയങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾക്ക് സമയം ആവശ്യമാണെന്നും സർക്കാർ അറിയിച്ചു.   Read on deshabhimani.com

Related News