ആളിക്കത്തി ഡോക്ടർമാരുടെ പ്രതിഷേധം ; നിരോധനാജ്ഞ ലംഘിച്ച് ആയിരങ്ങൾ
ന്യൂഡൽഹി കൊൽക്കത്തയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്‌തുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ചും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ഡോക്ടർമാരുടെ രാജ്യവ്യാപകപ്രക്ഷോഭം. ഡൽഹി, പഞ്ചാബ്, അസം, ചണ്ഡിഗഢ്, ജമ്മു കശ്‌മീർ, കേരളം, മധ്യപ്രദേശ് തുടങ്ങി വിവിധസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രതിഷേധം അലയടിച്ചു. ഡൽഹിയിൽ ആരോഗ്യമന്ത്രാലയം സ്ഥിതി ചെയ്യുന്ന നിർമാൺ ഭവനിലേക്ക് വൻ മാർച്ച് സംഘടിപ്പിച്ചു. ഡൽഹി പൊലീസ് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഡോക്ടർമാരെ തടയാനായില്ല. ആയിരക്കണക്കിന് ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രതിഷേധം ജന്തർമന്തറിലേക്ക് മാറ്റണമെന്ന് പൊലീസ് അഭ്യർഥിച്ചെങ്കിലും അവർ വഴങ്ങിയില്ല. ജന്തർമന്തറിൽ പ്രതിഷേധിച്ച വിനേഷ് ഫോഗട്ടിന്റെയും മറ്റും അവസ്ഥ തങ്ങൾക്ക് അറിയാമെന്നും കേൾക്കേണ്ടവർ കേൾക്കണമെങ്കിൽ നിർമാൺഭവന് മുന്നിൽതന്നെ പ്രതിഷേധിക്കണമെന്നും ഡോക്ടർമാർ പ്രതികരിച്ചു. ‘ഞങ്ങൾക്ക് നീതി വേണം’, ‘സുരക്ഷ ഇല്ലെങ്കിൽ ജോലിയും ഇല്ല’–- തുടങ്ങിയ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. കനത്തമഴയെ കൂസാതെ വെള്ളിയാഴ്‌ച്ച രാത്രി വൈകിയും നിർമാൺഭവന് മുന്നിൽ പ്രതിഷേധം തുടർന്നു. ഡൽഹി എയിംസ്, ആർഎംഎൽ, ഡിഡിയു, സഫ്‌ദർജംഗ്, എൽഎച്ച്‌എംസി, യുസിഎംഎസ് ആശുപത്രികളിലെ റെസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷനുകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധം. രാജ്യമുടനീളമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ജീവന് സുരക്ഷ ഉറപ്പാക്കുന്ന രീതിയിലുള്ള കർശന വ്യവസ്ഥകളുള്ള കേന്ദ്രനിയമ നിർമാണം വേണമെന്നാണ് ഡോക്ടർമാരുടെ പ്രധാനആവശ്യം. ചർച്ചയാകാമെന്നും തീരുമാനമെടുക്കാൻ സാവകാശം അനുവദിക്കണമെന്നുമാണ് അധികൃതരുടെ നിലപാട്. ഐക്യദാർഢ്യവുമായി ബോളിവുഡ് കൊൽക്കത്തയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കായി സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരങ്ങൾ. എല്ലാ പൗരൻമാർക്കും സുരക്ഷയൊരുക്കുവാൻ രാജ്യത്തിന് ഇനിയും ഏറെ ദൂരം പോകുവാനുണ്ടെന്ന് ഹൃത്വിക് റോഷൻ എക്‌സിൽ കുറിച്ചു. ഡൽഹി കൂട്ടബലാത്സംഗം നടന്ന് ഒരു ദശാബ്ദം പിന്നിടുമ്പോഴും സ്ത്രീകൾ രാജ്യത്ത് സുരക്ഷിതരല്ലെന്ന് അലിയ ഭട്ട് ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു. മാറ്റത്തിനായുള്ള സ്ത്രീകളുടെ കാത്തിരിപ്പ് നീളുകയാണെന്ന് കരിന കപൂര്‍ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടു. സംവിധായിക സോയ അക്തറും സമാനമായ അഭിപ്രായം പങ്കുവച്ചു. പ്രക്ഷോഭകർ ഉയർത്തിയ പ്ലക്കാർഡിന്റെ ചിത്രം പ്രിയങ്ക ചോപ്ര പോസ്റ്റു ചെയ്തു. ഇന്ത്യയിൽ സാധാരണ സംഭവമായി മാറിയ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ നിന്ന് സ്വാതന്ത്ര്യം നേടുവാൻ ആഗ്രഹിക്കുന്നെന്ന് ഭൂമി പെണ്ഡേക്കർ സ്വാതന്ത്ര്യദിനത്തിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. Read on deshabhimani.com