മമത രാജിവയ്‌ക്കണം: അലയടിച്ച് പ്രതിഷേധം
കൊൽക്കത്ത> ആർജി കർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്‌ത് കൊലപ്പെടുത്തിയതിന്റെയും തുടർന്ന് നടന്ന അക്രമ സംഭവങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി മമത ബാനർജി രാജിവയ്‌ക്കണമെന്ന് ഇടതു മുന്നണി ആവശ്യപ്പെട്ടു. ഇടതുമുന്നണി നേതൃത്വത്തിൽ ബംഗാളിലാകെ വൻ ബഹുജന റാലികൾ സംഘടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരേയും നിയമത്തിന് മുന്നിൽകൊണ്ടുവരണമെന്നും സിബിഐ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെും ഇടതുമുന്നണി ആവശ്യപ്പെട്ടു. ജില്ലാ, ഉപജില്ല ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും കൊൽക്കത്തയിലുമാണ് പ്രതിഷേധ റാലികൾ നടന്നത്. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, ഘടകകക്ഷി നേതാക്കൾ എന്നിവർ നേതൃത്വം നൽകി. മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജിയുൾപ്പടെ വിദ്യാർഥി യുവജന നേതാക്കളെ ലാൽബസാർ പൊലീസ് ആസ്ഥാനത്ത് വിളിപ്പിച്ച് വിവരങ്ങൾ ശേഖരിച്ചു. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാം ദിവസവും സിബിഐ ചൊദ്യം ചെയ്‌തു. സാൾട്ട് ലേക്കിലെ സിബിഐ ആസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് ആരംഭിച്ച ചോദ്യംചെയ്യൽ ശനി പുലർച്ചെ മൂന്നുവരെ നീണ്ടു. ശനി രാവിലെ സന്ദീപ് ഘോഷ് ചോദ്യംചെയ്യലിനായി വീണ്ടും സിബിഐ ഓഫീസിലെത്തി. ഡോക്ടറുടെ മരണവാർത്ത അറിഞ്ഞ ശേഷമുള്ള ആദ്യ പ്രതികരണത്തെക്കുറിച്ച് ഘോഷിനോട് ചോദിച്ചതായി സിബിഐ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മെഡിക്കൽ കോളേജ് ആക്രമണ കേസിൽ ഇതുവരെ 32 പേരെ അറസ്റ്റ് ചെയ്‌തു. ഇതിൽ ഭൂരിഭാഗവും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്. ആർജി കർ ആശുപത്രിയിലെത്തിയും സിബിഐ സംഘം തെളിവെടുപ്പ് നടത്തി. ശിക്ഷ ഉറപ്പാക്കണം: ഐഡിപിഡി കുറ്റകൃത്യത്തിന് പിന്നിലുള്ളവർക്ക് എത്രയുംവേഗം ശിക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോർ പീസ് ആൻഡ് ഡെവലപ്പ്‌മെന്റ് (ഐഡിപിഡി). ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിയമം പാസാക്കാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടില്ലെന്നത് ദൗർഭാഗ്യകരമാണെന്നും ഐഡിപിഡി ആവശ്യപ്പെട്ടു. Read on deshabhimani.com