വളർച്ചാനിരക്ക് 1.7 ശതമാനം വരെ ഇടിയാമെന്ന് കേന്ദ്ര സാമ്പത്തികസർവേ
ന്യൂഡൽഹി > നടപ്പു സാമ്പത്തികവർഷത്തിൽ രാജ്യത്തിന്റെ വളർച്ചാനിരക്ക് 1.2 ശതമാനം മുതൽ 1.7 ശതമാനം വരെ കുറയാമെന്ന് തിങ്കളാഴ്‌ച പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തികസർവേയിൽ തുറന്നുസമ്മതിച്ച് കേന്ദ്രസർക്കാർ. 2023–-24 സാമ്പത്തികവർഷത്തിൽ 8.2 ശതമാനമാണ് ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക്. എന്നാൽ 2024–-25 സാമ്പത്തികവർഷത്തിൽ വളർച്ചാനിരക്ക് 6.5 മുതൽ ഏഴ് ശതമാനം വരെയായിരിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച സാമ്പത്തികസർവേയിൽ പറയുന്നു. ഭക്ഷ്യഉൽപ്പന്നങ്ങളുടെ വിലകൾ കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത് കുതിച്ചുകയറിയെന്നും സർവ്വേ കണക്കുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യഉൽപ്പന്നങ്ങളുടെ വിലക്കയറ്റം 6.6 ശതമാനമായിരുന്നത് 2023–-24 സാമ്പത്തികവർഷത്തിൽ 7.5 ശതമാനമായി ഉയർന്നു. ഇന്ത്യയുടെ വിദേശകടം 624.1 ശതകോടി ഡോളറായിരുന്നത് 663.8 ശതകോടി ഡോളറായി ഉയർന്നു. വിദേശകടത്തിൽ 3970 കോടി യുഎസ് ഡോളറാണ് ഒറ്റവർഷം കൊണ്ട് വർധിച്ചത്. ഇന്ത്യയുടെ വിദേശകടം നിലവിൽ ജിഡിപിയുടെ 18.7 ശതമാനമാണ്. Read on deshabhimani.com