മുഡ ഭൂമി കുംഭകോണം ; സിദ്ധരാമയ്യക്ക് എതിരെ 
ഇഡി കേസെടുത്തു



ബം​ഗളൂരു മുഡ ഭൂമി കുംഭകോണത്തിൽ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ ഇഡി കേസെടുത്തു. ലോകായുക്ത പൊലീസ്  കേസെടുത്തതിനു പിന്നാലെയാണ് ഇഡി ഇടപെടൽ.     കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം സിദ്ധരാമയ്യ, ഭാര്യ പാര്‍വതി, ഭാര്യാ സഹോദരൻ മല്ലികാര്‍ജുന സ്വാമി, സ്ഥല ഉടമയായിരുന്ന ദേവരാജു തുടങ്ങിയവര്‍ക്കെതിരെയാണ് ഇസിഐആര്‍ ഇട്ടത്. സിദ്ധരാമയ്യ അടക്കമുള്ളവരെ ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് ഇഡി കടക്കും. സ്വത്ത് കണ്ടുകെട്ടാനും നീക്കമുണ്ടാകും.വികസനത്തിന് ഭൂമി വിട്ടുകൊടുത്തതിന് പകരമായി മൈസുരു അര്‍ബൻ ഡെവലപ്മെന്റ് അതോറിറ്റി ഇരട്ടിയിലേറെ മൂല്യമുള്ള ഭൂമി അനുവദിച്ചുവെന്നാണ് ആരോപണം. 4000 കോടിയുടെ ക്രമക്കേട് ആരോപണമുയര്‍ന്ന സംഭവത്തിൽ പ്രത്യേക കോടതി ഉത്തരവ് പ്രകാരം സെപ്തംബര്‍ 27നാണ്  മൈസുരു ലോകായുക്ത പൊലീസ് കേസെടുത്തത്. ലോകായുക്ത പൊലീസും ഇഡിയും കേസെടുത്തതിന് പിന്നാലെ മുഡ പദ്ധതിവഴി ലഭിച്ച ഭൂമി തിരിച്ചുനല്‍കാന്‍ സന്നദ്ധയാണെന്ന് അറിയിച്ച് സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി രം​ഗത്തെത്തി. പരാതിക്കാരിക്കും കേസ് മുഡ ഭൂമി കുംഭകോണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെ പരാതി നല്‍കിയ സാമൂഹ്യ പ്രവര്‍ത്തക സ്നേഹമയി കൃഷ്ണയ്ക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്.      വസ്തു തര്‍ക്കത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു സ്ത്രീ നൽകിയ പരാതിയിലാണ്  മൈസുരുവില്‍‌ കേസെടുത്തത്. ആരോപണം വ്യാജമാണെന്നും സംഭവം നടക്കുമ്പോള്‍‌ താൻ അവിടെയില്ലെന്നും സ്നേഹമയി കൃഷ്ണ പ്രതികരിച്ചു. Read on deshabhimani.com

Related News