2026ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനില്ല: എടപ്പാടി പളനിസ്വാമി
ചെന്നൈ> 2026ലെ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി. എഐഎഡിഎംകെ ബിജെപിയുമായി സഖ്യം ചേരുമെന്ന ഊഹാപോഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇങ്ങനെയൊരു സഖ്യമുണ്ടാകില്ലെന്ന് ബുധനാഴ്ച മാധ്യമങ്ങളോട് പളനിസ്വാമി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പളനിസ്വാമി വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്താൻവേണ്ടി "സമാന ചിന്താഗതിയുള്ള പാർടികളുമായി" സഹകരിക്കാൻ പാർടി തയ്യാറാണെന്ന് നവംബർ 10 ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് എഐഎഡിഎംകെ ബിജെപിയോടുള്ള നിലപാട് മയപ്പെടുത്തുമെന്നും ബിജെപിയുമായി വീണ്ടും സഖ്യംചേരുമെന്ന ഊഹാപോഹങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ ഈ ഊഹാപോഹങ്ങളെ തള്ളി എഐഎഡിഎംകെയുടെ മുതിർന്ന നേതാവ് ഡി ജയകുമാർ പാർടിയുടെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞു. പളനിസ്വാമിയുടെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് വിശദീകരിച്ച അദ്ദേഹം ബിജെപിയുമായി സഖ്യത്തിനില്ലെന്ന തീരുമാനത്തിൽ എഐഎഡിഎംകെ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി. Read on deshabhimani.com