നിയമസഭാ തെരഞ്ഞെടുപ്പ്; ഇവിഎമ്മിൽ കൃത്രിമം നടന്നെന്ന കോൺഗ്രസിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമീഷൻ
ന്യൂഡൽഹി> ഒക്ടോബർ 5ന് നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) കൃത്രിമം നടന്നുവെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. കോൺഗ്രസിന്റേത് അടിസ്ഥാന രഹിതമായ ആശങ്കകാളാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ മറുപടി. 1642 പേജുള്ള മറുപടിയാണ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നർകിയത്. തെരഞ്ഞെടുപ്പിന് ശേഷം ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് കമീഷൻ കോൺഗ്രസിന് കത്ത് നൽകി. ബാറ്ററി വോൾട്ടേജും കപ്പാസിറ്റിയും ഇവിഎമ്മുകൾ പ്രവർത്തിപ്പിക്കുന്നതിനോ എണ്ണുന്നതിനോ സുരക്ഷയുമായോ ഒരു ബന്ധവുമില്ലെന്ന് കമീഷൻ മറുപടിയിൽ കൂട്ടിച്ചേർത്തു. തെളിവുകളില്ലാതെ തെരഞ്ഞെടുപ്പ് സമയത്ത് ഉന്നയിക്കുന്ന ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഒഴിവാക്കണമെന്ന് കോൺഗ്രസിന് നിർദ്ദേശം നൽകുകയും ചെയ്തു. വോട്ടെണ്ണൽ സമയത്ത് ഇവിഎമ്മുകളിൽ 99 ശതമാനം ബാറ്ററി സ്റ്റാറ്റസ് കാണിച്ചതിനെ തുടർന്ന് കോൺഗ്രസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാനും വോട്ടെണ്ണൽ പ്രക്രിയ മനഃപൂർവം വൈകിപ്പിക്കാനും ഇത് കാരണമായെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. Read on deshabhimani.com