വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍



ന്യൂഡല്‍ഹി> ഹരിയാനയില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വീണ്ടും തള്ളി. വോട്ടിങ് യന്ത്രങ്ങള്‍ നൂറുശതമാനം സുരക്ഷിതമാണെന്നും ഒരു തിരിമറിയും സാധ്യമല്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. ഇത്തരം ആക്ഷേപങ്ങള്‍ക്ക് വോട്ടിങ്ങിലൂടെ ജനങ്ങള്‍ മറുപടി നല്‍കും. എക്സിറ്റ് പോളുകളും അത് സൃഷ്ടിക്കുന്ന പ്രതീക്ഷകളും വലിയതോതിലുള്ള വളച്ചൊടിക്കലുകള്‍ക്ക് കാരണമാകുന്നുണ്ട്. മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തേണ്ട വിഷയമാണിത്. കഴിഞ്ഞ രണ്ട് മൂന്ന് തെരഞ്ഞെടുപ്പുകളിലായി ഇത് സംഭവിക്കുന്നുണ്ട്. ആദ്യം ഒരു എക്സിറ്റ് പോള്‍ വരും. കമീഷനല്ല ഇത് നിയന്ത്രിക്കുന്നത്. എന്താണ് സാമ്പിള്‍ വലിപ്പം, എവിടെയാണ് സര്‍വേ നടന്നത്, എക്സിറ്റ് പോളും യഥാര്‍ത്ഥ ഫലവും യോജിക്കുന്നില്ലെങ്കില്‍ എന്താണ് തങ്ങളുടെ ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതുണ്ട്. ഇതിനെല്ലാം അധികാരമുള്ള സംവിധാനങ്ങളുണ്ട്. അത്തരം സംവിധാനങ്ങളും കൂട്ടായ്മകളും ആത്മപരിശോധന നടത്തണം. ചാനലുകളില്‍ വരുന്ന ആദ്യ ഫലസൂചനകളും ശരിയല്ല. 8.05-- 8.10 ആകുമ്പോഴേക്കും ഫലസൂചനകള്‍വന്നു തുടങ്ങും. ഇത് അസംബന്ധമാണ്. വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിതുടങ്ങുന്നത് 8.30 നാണ്. എക്സിറ്റ് പോളുകളെ ശരിവയ്ക്കാനാണോ ആദ്യ ഫലസൂചനകള്‍. തെരഞ്ഞെടുപ്പ് കമീഷന്‍ 9.30 മുതലാണ് വെബ്സൈറ്റില്‍ ഫലസൂചനകള്‍ നല്‍കി തുടങ്ങുക-- രാജീവ് കുമാര്‍ പറഞ്ഞു.   Read on deshabhimani.com

Related News