മഹാരാഷ്ട്രയിൽ അവസാന മണിക്കൂറിലെ പോളിങ്‌ കുതിപ്പ്‌: തെരഞ്ഞെടുപ്പിൽ കമീഷൻ ഉത്തരം പറയണമെന്ന് ബ്രിട്ടാസ്‌



ന്യൂഡൽഹി > മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന മണിക്കൂറിൽ വോട്ടിങ്‌ ശതമാനത്തിൽ വൻ കുതിപ്പുണ്ടായതിന്റെ കാരണം കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ വിശദീകരിക്കണമെന്ന്‌ സിപിഐ എം രാജ്യസഭാ ഉപനേതാവ്‌ ജോൺ ബ്രിട്ടാസ്‌ ആവശ്യപ്പെട്ടു. വോട്ടിങ്‌ ശതമാനം ഉയർന്നതുമായി ബന്ധപ്പെട്ട്‌ സാമ്പത്തിക ശാസ്‌ത്രജ്‌ഞനും ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ജീവിതപങ്കാളിയുമായ പരകാല പ്രഭാകർ നടത്തിയ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാണ്‌. മഹാരാഷ്ട്രയിൽ വോട്ടെടുപ്പ്‌ ദിവസം വൈകിട്ട് അഞ്ചിന്‌ 58.22 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. 23-ന് വോട്ടെണ്ണലിന് മുമ്പ്, ഇത് 66.05 ശതമാനം ആയി മാറി. അതായത് പോളിങ് ശതമാനത്തിൽ 7.83ന്റെ വർധന. നവംബർ 20-ന് വൈകിട്ട്‌ അഞ്ചിനുശേഷം 76 ലക്ഷം പേർ അധികമായി വോട്ട് ചെയ്തുവെന്ന് വിശ്വസിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നത്. ജാർഖണ്ഡിൽ ഒന്നാം ഘട്ടത്തിൽ വൈകിട്ട്‌ അഞ്ചുവരെ 64.86 ശതമാനം ആണ് പോളിങ്‌. രാത്രി 11.30ന്‌ 66.48 ശതമാനം ആയി ഉയർന്നു. വർധനവ്‌ 1.79 ശതമാനം. രണ്ടാം ഘട്ടത്തിൽ വൈകിട്ട് അഞ്ചുവരെ 67.59 ശതമാനം ആയിരുന്ന പോളിങ്‌ രാത്രി 11.30ന്‌ അത് 68.45 ശതമാനം ആയി. അതായത് 0.86 ശതമാനം മാത്രം വർധന. ജാർഖണ്ഡിലെ ആദ്യഘട്ടത്തിൽ 1.79 ശതമാനം വർധന ഉണ്ടായപ്പോൾ എൻഡിഎ 43ൽ 17 സീറ്റും നേടി. അതേസമയം, 0.86 ശതമാനം വർധന മാത്രം ഉണ്ടായ രണ്ടാം ഘട്ടത്തിൽ എൻഡിഎ 30-ൽ 7 സീറ്റ് മാത്രമാണ് നേടിയത്.–- ബ്രിട്ടാസ്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഇന്നറിയാമെന്ന് ഷിൻഡെ ന്യൂഡൽഹി > മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രി ആരെന്ന്‌ തിങ്കളാഴ്‌ച തീരുമാനിക്കുമെന്ന്‌ ശിവസേന നേതാവും കാവൽ മുഖ്യമന്ത്രിയുമായ ഏക്‌നാഥ്‌ ഷിൻഡെ. ബിജെപി തീരുമാനത്തിനും പുതിയ സർക്കാരിനും ശിവസേനയുടെ പരിപൂർണ പിന്തുണയുണ്ടാകുമെന്നും ഷിൻഡെ പറഞ്ഞു. സമ്മർദതന്ത്രത്തിന്റെ ഭാഗമായി മുംബൈയിലെ മഹായുതി യോഗത്തിന്‌ നിൽക്കാതെ ജന്മനാട്ടിലേക്ക്‌ പോയ ഷിൻഡെ ബിജെപിക്ക്‌ വഴങ്ങിയെന്ന്‌ വ്യക്തമാക്കുന്നതാണ്‌ പ്രതികരണം. വ്യാഴാഴ്‌ച മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ചന്ദ്രശേഖർ ബവൻകുലെ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി നടത്തിയ ചർച്ചയിൽ ഷിൻഡെ മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ ധനകാര്യം, ആഭ്യന്തരം വകുപ്പുകളോടെ ഉപമുഖ്യമന്ത്രിസ്ഥാനമോ നിയമസഭ സ്‌പീക്കർ സ്ഥാനമോ വേണമെന്നും ഉപാധിവച്ചു. ഒന്നും കിട്ടിയില്ലെങ്കിൽ സർക്കാരിനെ പുറത്തുനിന്ന്‌ ശിവസേന പിന്തുണച്ചേക്കുമെന്നാണ്‌ വിവരം. അതേസമയം, നിയമസഭാകക്ഷി നേതാവിനെ ബിജെപി ഇതുവരെയും തെരഞ്ഞെടുത്തിട്ടില്ല. മുൻ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിനെ ഒഴിവാക്കാൻ ശ്രമമുണ്ട്‌. മറാഠ വിഭാഗക്കാരനായ കേന്ദ്ര സഹമന്ത്രിയും പൂണെ എംപിയുമായ മുരളീധർ മൊഹോൾ,  ചന്ദ്രശേഖർ ബവൻകുലെ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരും പരിഗണനയിലുണ്ട്‌. Read on deshabhimani.com

Related News